ജിദ്ദ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ സൗദിയുടെ ആദ്യ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുരിതാശ്വാസ, പാർപ്പിട സാമഗ്രികൾ ഉൾപ്പെടെ 35 ടൺ വസ്തുക്കളുമായി പറന്നുയർന്ന വിമാനം ഈജിപ്തിലെ അൽഅരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. ഗസ്സയിലെ ജനതക്ക് ആശ്വാസം എത്തിക്കുന്നതിന് സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് കെ.എസ്. റിലീഫ് സൗദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണ കാമ്പയിെൻറ ഭാഗമാണിത്.
ഗസ്സക്ക് നൽക്കുന്ന ഈ മാനുഷിക സഹായം ലോകമെമ്പാടുമുള്ള സഹോദരങ്ങളെയും സുഹൃത്തുക്കളെയും സഹായിക്കാനുള്ള സൗദി ഭരണകൂടത്തിെൻറ ഉദാത്തമായ മാനവികതയുടെ ഭാഗമാണെന്ന് കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ഇത് ആദ്യ വിമാനം മാത്രമാണ്. വരും ദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ സഹായങ്ങളുമായി പോകും. കപ്പൽ മാർഗവും സഹായം എത്തിക്കുന്നതിനുള്ള സാധ്യതകൾ കേന്ദ്രം പഠിച്ചുവരികയാണ്.
വിവിധ പ്രതിസന്ധികളിലും ക്ലേശങ്ങളിലും സഹോദര-സൗഹൃദ രാജ്യങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിൽ സൗദി എന്നും മുന്നിൽ നിന്നിട്ടുണ്ട്. ഫലസ്തീനും സൗദിയും തമ്മിൽ ആഴവും ശക്തവുമായ സാഹോദര്യബന്ധമാണുള്ളത്. അതുകൊണ്ട് എല്ലാനിലയ്ക്കുമുള്ള പിന്തുണയും സഹായവും സൗദി തുടർച്ചയായി നൽകികൊണ്ടിരിക്കുമെന്നും ഡോ. അബ്ദുല്ല അൽറബീഅ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.