ജുബൈൽ: ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോയ മലയാളിക്ക്, പിടിയിലാവുമ്പോൾ കൈവശമുണ്ടായിരുന്ന തുക സൗദി അധികൃതർ തിരിച്ചുനൽകി. ജുബൈലിലെ സാമൂഹിക പ്രവർത്തകരുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ജയിൽ മോചിതനായി ഏഴുവർഷത്തിന് ശേഷം തൃശൂർ വടക്കുംമുറി സ്വദേശി ശ്രീനേഷിന് നിനച്ചിരിക്കാതെ 1.30 ലക്ഷത്തിലേറെ രൂപ തിരികെ ലഭിച്ചത്.
2015 ൽ ഒരു കേസിൽ അകപ്പെട്ട് ജുബൈൽ ജയിലിലായ ശ്രീനേഷിന്റെ കൈവശം അന്നുണ്ടായിരുന്ന തുക പൊലീസ് പിടിച്ചെടുത്തിരുന്നു. എട്ടു മാസത്തെ ജയിൽവാസത്തിന് ശേഷം ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിട്ടെങ്കിലും കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ പോകുമ്പോൾ പണം കൈമാറിയിരുന്നില്ല.
ഒന്നര മാസം മുമ്പ് ജുബൈൽ സ്റ്റേഷനിൽനിന്നും പൊലീസ് ക്യാപ്റ്റൻ സാമൂഹിക പ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, സലിം ആലപ്പുഴ എന്നിവരെ വിവരം അറിയിക്കുകയും ആളെ കണ്ടെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ശ്രീനേഷിന്റെ നാട്ടിൽ ബന്ധപ്പെടാനുള്ള നമ്പറിനായി സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും വിവരങ്ങളൊന്നും ലഭ്യമായില്ല.
പിന്നീട് സാമൂഹിക മാധ്യമങ്ങൾ വഴി അറിയിപ്പുകൾ നൽകി ശ്രീനേഷിനെ കണ്ടെത്തുകയായിരുന്നു. തുടർന്നു സൈഫുദ്ദീൻ പൊറ്റശേരിയെ തുക കൈപ്പറ്റാൻ ചുമതലപ്പെടുത്തി ശ്രീനേഷ് എംബസിക്ക് ഇ-മെയിൽ സന്ദേശമയച്ചു. ഇന്ത്യൻ എംബസിയിലെ ജയിൽ വിഭാഗം ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അറ്റാഷേ പവൻ കുമാർ എന്നിവരുടെ ശ്രമഫലമായി സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ പേരിൽ അനുമതിപത്രം തയാറാക്കി അയച്ചുകൊടുത്തു.
ആവശ്യമായ രേഖകളും ചുമതലപത്രവും ജുബൈൽ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചതിനെ തുടർന്ന് കിഴക്കൻ പ്രവിശ്യാ പൊലീസ് മേധാവി ഏഴായിരം റിയാലിന്റെ ചെക്ക് കൈമാറി. എംബസിയിൽ ലഭിച്ച ചെക്കിന് ആനുപാതികമായ തുക വൈകാതെ ശ്രീനേഷിന് എത്തിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം വർഷങ്ങൾക്ക് ശേഷം അവിചാരിതമായി ലഭിച്ച സന്തോഷത്തിലാണ് ശ്രീനേശ്. സൗദി സുരക്ഷാ വിഭാഗത്തിന്റെ വിശ്വാസ്യതയിലും എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലും ശ്രീനേഷ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.