യാംബു: കിഴക്കൻ ആഫ്രിക്കയിലെ രാജ്യമായ സൊമാലിയയിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ സൗദിയും യു.കെ യും ചേർന്ന് 50 ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. റഷ്യ -യുക്രെയിൻ യുദ്ധത്തിനുശേഷം സൊമാലിയ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ പട്ടിണിയുടെയും കുട്ടികളിലെ പോഷകാഹാരക്കുറവിന്റെയും ഭീതിയിൽ കഴിയുകയാണ്. ഈ അവസ്ഥയിലാണ് കൈത്താങ്ങുമായി സൗദിയും യു.കെ യും സംയുക്തമായി സഹായ കരാറുമായി രംഗത്തുവന്നത്.
സൗദിയുടെ സഹായ ഏജൻസിയായ കെ.എസ് റിലീഫ് സെന്ററിന്റെ റിയാദിലെ ആസ്ഥാനത്തു വെച്ചാണ് സെന്റർ ജനറൽ സൂപ്പർവൈസർ ഡോ.അബ്ദുല്ല അൽ റബീഹയും ബ്രിട്ടീഷ് വികസന വകുപ്പ് മന്ത്രിയായ ആൻഡ്രൂ മിച്ചലും കരാറിൽ ഒപ്പിട്ടത്. ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ സൊമാലിയ അഭിമുഖീകരിക്കുന്നത്. കഷ്ടപ്പാടുകളിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് കുട്ടികളാണ്. രാജ്യത്തെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ പകുതിയോളം പേർ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുകയാണ്. ലോകത്തുള്ള വിവിധ സഹായ ഏജൻസികൾ സൊമാലിയയെ സഹായിക്കുന്നുവെങ്കിലും ദുരിതങ്ങളിൽനിന്ന് കരകയറാൻ ആ രാജ്യത്തിനായിട്ടില്ല.
സൗദിയും യു.കെയും ചേർന്ന് പ്രഖ്യാപിച്ച 50 ലക്ഷം ഡോളർ ഫണ്ട് മുഖേന ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ 101,000 കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സൊമാലിയയെ സഹായിക്കാനുള്ള കൂടുതൽ പദ്ധതികൾ വിവിധ സഹായ ഏജൻസികളുടെകൂടി സഹകരണത്തോടെ ഇനിയും തുടരുമെന്ന് കെ.എസ്. റിലീഫ് മേധാവി പറഞ്ഞു. കെ.എസ് റിലീഫ് സെന്ററും ബ്രിട്ടീഷ് ഫോറിൻ, കോമൺവെൽത്ത്, ഡെവലപ്മെന്റ് ഓഫിസും 'യുനീസെഫി'ന് സൊമാലിയയിലെ ജനതയെ സഹായിക്കാൻ 25 ലക്ഷം ഡോളർ വീതം നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. സൊമാലിയയിലെ ഉയർന്ന അപകടസാധ്യതയുള്ള 15 മേഖലകളിൽ പോഷകാഹാര സേവനങ്ങൾ, വെള്ളം, വ്യക്തിഗത ശുചിത്വ വിതരണങ്ങൾ എന്നിവക്കായിരിക്കും ഫണ്ട് ചെലവഴിക്കാൻ പ്രഥമ പരിഗണന നൽകുക. 'ഹ്യുമാനിറ്റേറിയൻ എയ്ഡും ഇന്റർ നാഷനൽ ഡെവലപ്മെന്റും സംയുക്തമായി സംഘടിപ്പിച്ച യു.കെ - സൗദി സ്ട്രാറ്റജിക് ഡയലോഗിന്റെ ഭാഗമായാണ് സഹായധന പ്രഖ്യാപനം ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയത്. സൊമാലിയയിലും സുഡാനിലും പട്ടിണി ദുരിതാശ്വാസവും മാനുഷിക പിന്തുണയും നൽകാൻ സുപ്രധാന സഹായം 2.2 കോടി ഡോളർ സംയുക്ത ധനസഹായമായി ഇരു രാജ്യങ്ങളും നൽകാനും നേരത്തേ ധാരണയിലായിട്ടുണ്ട്.
സൊമാലിയയിലെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവന് അപകടത്തിലാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ കനത്ത പട്ടിണി നേരിടുന്നുണ്ട്. സ്ത്രീകളില്‍ പ്രത്യേകിച്ച് ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ടിട്ടും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ലഭിക്കാത്തതും സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ദുരിതാശ്വാസ, മാനുഷിക കാര്യങ്ങളുമായി ബന്ധപ്പെട്ട പൊതു താൽപര്യമുള്ള വിഷയങ്ങൾ, സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, വികസനത്തിനും മാനുഷിക സഹായത്തിനുമുള്ള വഴികൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ.അബ്ദുല്ല അൽ റബീഹയും ആൻഡ്രൂ മിച്ചലും കൂടിക്കാഴ്ച നടത്തി. 'ഉക്രെയ്ൻ, സുഡാൻ, ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾ തുടങ്ങി വിവിധ രാജ്യങ്ങളിലെ ദുരിതത്തിലായ ആളുകളെ സഹായിക്കാനും പിന്തുണക്കാനും സൗദി അറേബ്യ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും യു.കെ യുടെ കൂടി പിന്തുണ ഉണ്ടാവുമെന്ന് ആൻഡ്രൂ മിച്ചൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.