2022 സൗദി ബജറ്റ് പ്രഖ്യാപന മന്ത്രിസഭ യോഗത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് സംസാരിക്കുന്നു

90 ശതകോടി റിയാൽ മിച്ചവുമായി സൗദി അറേബ്യ 2022 ബജറ്റ്​ പ്രഖ്യാപിച്ചു

ജിദ്ദ: 90 ശതകോടി റിയാൽ മിച്ചവുമായി സൗദി അറേബ്യ 2022 വർഷത്തേക്കുള്ള ബജറ്റ്​ പ്രഖ്യാപിച്ചു. ബജറ്റിലെ ചെലവ്​ 955 ശതകോടി റിയാലാണ്​. വരുമാനം കണക്കാക്കിയിരിക്കുന്നത്​ 1045 ശതകോടി റിയാലാണ്​. സാമ്പത്തിക രംഗത്ത്​ തുടർച്ചയായ വളർച്ചയും വൈവിധ്യവും സുസ്ഥിരതയും ലക്ഷ്യമിടുന്നുണ്ടെന്ന് ബജറ്റ് ​ പ്രഖ്യാപന മന്ത്രിസഭ യോഗത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ പറഞ്ഞു.

ദൈവസഹായത്തോടെ രാജ്യം സാമ്പത്തിക പ്രത്യാഘാതങ്ങളെയും കോവിഡിനെ തുടർന്നുണ്ടായ അസാധാരണമായ ഘട്ടങ്ങളെയും മറികടന്നിരിക്കുകയാണ്​. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ്​ ഇപ്പോൾ പ്രഖ്യാപിക്കുന്നത്​​. വിഷൻ 2030 അനുസരിച്ച്​ സാമ്പത്തികമായ പരിഷ്കാരങ്ങളുടെയും സാമ്പത്തിക മുന്നേറ്റത്തിന്‍റെയും തുടർച്ചയായാണിതെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സാമ്പത്തിക സംരംഭങ്ങളും പരിഷ്കാരങ്ങളും തുടർന്നും നടപ്പിലാക്കാൻ തങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. ജീവിത നിലവാരവും പുരോഗതിയും ലഭ്യമായ വിഭവങ്ങളുടെ ഉപയോഗവും സർക്കാർ ചെലവുകളുടെ സുതാര്യത, കാര്യക്ഷമത, ഗുണനിലവാരം എന്നിവയും ഉയർത്താനും ലക്ഷ്യമിടുന്നു. വളർച്ചയും വികസനവും വർധിപ്പിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികച്ചതാക്കുന്നതിനും വിദ്യാഭ്യാസ അന്തരീക്ഷം വിപുലീകരിക്കുന്നതിനും ഭവന പദ്ധതികളെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണിതെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

നേട്ടങ്ങൾ സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള കാര്യങ്ങൾ ബജറ്റ് സ്ഥിരീകരിക്കുന്നുണ്ട്​. ബജറ്റിലെ പദ്ധതികളും വികസനവും സാമൂഹിക പരിപാടികളും നടപ്പിലാക്കാൻ സജീവമായി പ്രതിജ്ഞാബദ്ധരാകാനും ആരോഗ്യസ്ഥിതി പിന്തുടരാനും മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചിട്ടുണ്ട്​. നിലവിലുള്ള പകർച്ചവ്യാധിയുടെയും ആരോഗ്യ സാമ്പത്തിക പ്രത്യാഘാതങ്ങളുടെയും വെളിച്ചത്തിൽ ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ വിഹിതം നൽകുകയും അതിന്‍റെ കാര്യക്ഷമത വർധിപ്പിക്കുകയും രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാക്കലും നിർദേശം നൽകിയതിലുൾപ്പെടുമെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

Tags:    
News Summary - saudi budget 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.