ജിദ്ദ: ‘അറബ് ലീഗ്’യോഗങ്ങളിൽ സിറിയയുടെ പങ്കാളിത്തം പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സിറിയൻ പ്രതിനിധികളുടെ പങ്കാളിത്തം പുനരാരംഭിക്കുന്നതിന് കൈറോയിൽ നടന്ന മന്ത്രിതല അറബ് ലീഗ് തീരുമാനത്തെ സ്വാഗതം ചെയ്തത്. സിറിയൻ പ്രതിസന്ധിക്ക് ഒരു രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാൻ ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണക്കാനുള്ള സൗദിയുടെ താൽപര്യം മന്ത്രിസഭ ആവർത്തിച്ചു. ഇത് സിറിയയുടെ ഐക്യം, സുരക്ഷിതത്വം, സ്ഥിരത, അറബ് ബന്ധം എന്നിവ സംരക്ഷിക്കുന്നതോടൊപ്പം സിറിയൻ ജനതക്ക് സമൃദ്ധിയും വികസനവും കൈവരിക്കാൻ സഹായിക്കുന്നതാണെന്നും മന്ത്രിസഭ വിലയിരുത്തി.
സുഡാനിൽ കുടുങ്ങിക്കിടക്കുന്ന നിരവധി രാജ്യങ്ങളിലെ പൗരന്മാരെ വളരെ കാര്യക്ഷമതയോടെ സൗദിയിലെത്തിക്കുന്നതിൽ കൈവരിച്ച വിജയത്തെ മന്ത്രിസഭ അഭിനന്ദിച്ചു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പൗരന്മാരോടുള്ള കടമയെ അടിസ്ഥാനമാക്കിയാണിത്. സഹോദരങ്ങളോടും സുഹൃത്തുക്കളോടും ഒപ്പംനിൽക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.