റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ഇസ്തംബൂളിലെ സൗദി കോൺസുലേറ്റിലുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു മരണമെന്ന് വെള്ളിയാഴ്ച രാത്രി വൈകി സൗദി പ്രസ് ഏജൻസി പുറത്തുവിട്ട പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തു. ജനറൽ ഇൻറലിജൻസ് ഏജൻസി ഉപമേധാവി മേജർ ജനറൽ അഹ്മദ് അൽഅസീരി, റോയൽ കോർട്ട് ഉപദേശകൻ സൗദ് അൽഖഹ്താനി എന്നിവർ ഉൾപ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി രാജകീയ ഉത്തരവും ഇറങ്ങി. ജനറൽ ഇൻറലിജൻസ് ഏജൻസി പുനഃസംഘടിപ്പിക്കാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ മന്ത്രിതല സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
ഒക്ടോബർ രണ്ടിനാണ് സൗദി പൗരനായ മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയെ കാണാതായത്. പുനർവിവാഹം സംബന്ധിച്ച കടലാസ് നടപടികൾ പൂർത്തിയാക്കാൻ ഉച്ചയോടെ ഇസ്തംബൂളിലെ കോൺസുലേറ്റിലെത്തിയ അദ്ദേഹത്തെ പിന്നീടാരും കണ്ടില്ല. കോൺസുലേറ്റിന് പുറത്ത് ഖശോഗിയെ കാത്തുനിന്ന പ്രതിശ്രുത വധു ഹത്തീസ് സെൻഗിസ് ആണ് പൊലീസിനെ വിവരമറിയിച്ചത്. ഖശോഗി കോൺസുേലറ്റിനകത്ത് കൊല്ലപ്പെെട്ടന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് തുർക്കി മാധ്യമങ്ങൾ അടുത്ത ദിവസംതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, നടപടികൾ പൂർത്തിയാക്കി അദ്ദേഹം ഉടൻ ഒാഫിസ് വിെട്ടന്നായിരുന്നു സൗദി അറിയിച്ചത്.
വെള്ളിയാഴ്ച അർധരാത്രിക്കു ശേഷമാണ് സൗദി പ്രസ് ഏജൻസിയും (എസ്.പി.എ) ഒൗദ്യോഗിക ടെലിവിഷൻ ചാനലും ഖശോഗി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ‘‘ജമാൽ ഖശോഗിയും അദ്ദേഹം കോൺസുലേറ്റിൽ കണ്ടുമുട്ടിയവരും തമ്മിലുള്ള ചർച്ച കൈയാങ്കളിയിലേക്ക് നീങ്ങുകയും അത് മരണത്തിൽ കലാശിക്കുകയും ചെയ്തു’’ എന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രസ്താവനയിൽ പറയുന്നത്. അറസ്റ്റിലായവരെല്ലാം സൗദി പൗരന്മാരാണ്.
സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ മുൻ വക്താവെന്ന നിലയിൽ സുപരിചിതനാണ് നടപടിക്ക് വിധേയനായ മേജർ ജനറൽ അഹ്മദ് അൽഅസീരി. കഴിഞ്ഞവർഷം ജൂലൈയിലാണ് ജനറൽ ഇൻറലിജൻസ് ഉപമേധാവിയായി നിയമിതനായത്. റോയൽ കോർട്ട് ഉപദേശകൻ സൗദ് അൽഖഹ്താനി ആണ് നടപടി നേരിട്ട മറ്റൊരു പ്രമുഖൻ. മുഹമ്മദ് ബിൻ സാലിഹ് അൽറുമൈഹ്, അബ്ദുല്ല ബിൻ ഖലീഫ അൽശായ, റശാദ് ബിൻ ഹാമിദ് അൽമുഹമ്മദി എന്നീ ഇൻറലിജൻസ് ഉദ്യോഗസ്ഥരും പുറത്താക്കപ്പെട്ടു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിലായിരിക്കും ജനറൽ ഇൻറലിജൻസ് ഏജൻസി പുനഃസംഘടിപ്പിക്കുക. ഖശോഗി സംഭവത്തിൽ സൗദി അറേബ്യ സ്വീകരിച്ച ആദ്യ നടപടി ‘നല്ല ചുവടുവെപ്പാ’ണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.