റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയും ചർച്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന് ഈജിപ്തിലെത്തിയ കിരീടാവകാശിക്ക് കെയ്റോവിൽ നൽകിയ സ്വീകരണത്തിനിടെയാണ് ചർച്ച നടന്നത്. പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഗസ്സയിലെയും ലബനാനിലെയും സ്ഥിതിഗതികൾ ഇരുവരും വിലയിരുത്തി. സംഘർഷഭരിതമായ നിലവിലെ സാഹചര്യത്തിന്റെ ഗൗരവത്തെയും ആക്രമണം നിർത്തേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഇരു നേതാക്കൾക്കുമിടയിൽ ധാരണയുണ്ടായി.
അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. സുസ്ഥിരമായ രീതിയിൽ മേഖലയിൽ ശാന്തതയും സമാധാനവും സുരക്ഷിതത്വവും കൈവരിക്കാനുള്ള ഏക മാർഗമാണിത്. ഫലസ്തീൻ പ്രശ്നം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ മേഖലയിലെ സംഘർഷാവസ്ഥയുടെ തുടർച്ചക്ക് കാരണമാകുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ഗസ്സയിലും ലബനാനിലും വെടിനിർത്തൽ ഉൾപ്പെടെയുള്ള ശാന്തതക്കുള്ള നടപടികൾ ആരംഭിക്കണമെന്നും വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാനും ഇരു നേതാക്കളും ആവശ്യപ്പെട്ടു. ലബനാന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത, പ്രാദേശിക സമഗ്രത എന്നിവയെ മാനിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഊന്നിപ്പറഞ്ഞു. കൂടാതെ നിരവധി പ്രാദേശിക വിഷയങ്ങളും പ്രത്യേകിച്ച് ചെങ്കടൽ മേഖലയുടെ സുരക്ഷ, സുഡാൻ, ലിബിയ, സിറിയ എന്നിവിടങ്ങളിലെ സ്ഥിതിഗതികളും ചർച്ച ചെയ്തു.
സൗദി-ഈജിപ്ഷ്യൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കീരീടാവകാശി വ്യക്തമാക്കി. വിവിധ രാഷ്ട്രീയ, സാമ്പത്തിക, വികസന തലങ്ങളിൽ പൊതുതാൽപര്യം കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലെ ചരിത്രപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് തുടരേണ്ടതുണ്ടെന്നും കിരീടാവകാശി പറഞ്ഞു.
നമ്മുടെ പ്രദേശവും ഇസ്ലാമിക ലോകവും കടന്നുപോകുന്ന നിലവിലെ സംഘർഷഭരിതമായ ഘട്ടത്തെ മറികടക്കാൻ ഏകോപനവും സംയുക്ത സഹകരണവും തുടരേണ്ടതിന്റെ പ്രാധാന്യം ഈജിപ്ഷ്യൻ പ്രസിഡൻറ് സൂചിപ്പിച്ചു. ഉഭയകക്ഷി വ്യവസ്ഥാപിത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലെ ചരിത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ അതീവ താൽപര്യം കാണിക്കുന്നതായി അൽസീസി പറഞ്ഞു.
ചർച്ചകൾക്കൊടുവിൽ, ഈജിപ്ഷ്യൻ പ്രസിഡന്റിന്റെയും സൗദി കിരീടാവകാശിയുടെയും നേതൃത്വത്തിൽ ഈജിപ്ഷ്യൻ-സൗദി സുപ്രീം കോഓഡിനേഷൻ കൗൺസിൽ രൂപവത്കരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കരാർ ഒപ്പിടലും ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു. ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൂലിയും ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങളും തമ്മിലും വിപുലമായ ചർച്ചാ സെഷനും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.