ജിദ്ദ: ഗസ്സയിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടത്തുന്ന ആക്രമണം ഹീനമായ കുറ്റകൃത്യമാണെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് സൽമാൻ. വ്യാഴാഴ്ച വൈകീട്ട് റിയാദിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനോടാണ് കൂടിക്കാഴ്ചക്കിടെ തുറന്നടിച്ചത്.
ആക്രമണം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ജീവനും സ്വത്തിനും മേലുള്ള ഭീഷണി ഒഴിവാകണം. നിരപരാധികൾ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. സ്ഥിരതയിലേക്കും സമാധാനത്തിലേക്കുമുള്ള പാത തുറക്കണം.
ശാന്തി പുനഃസ്ഥാപിക്കപ്പെടണം. അതിനായുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ആ ജനത ലോകത്തിന്റെ പരിപൂർണ പിന്തുണയും സംരക്ഷണവും ആവശ്യപ്പെടുന്നുണ്ടെന്നും കിരീടാവകാശി സുനകിനോട് പറഞ്ഞു. ഗസ്സയിലെ നിലവിലെ സ്ഥിതിഗതികളും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
ഫലസ്തീനിലെ സംഘർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മേഖലയിലെ പര്യടനം. വ്യാഴാഴ്ച ഇസ്രായേലിലെത്തി പ്രസിഡന്റ് ഇസാക് ഹെർസോഗിനെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കണ്ട് ചർച്ചകൾ നടത്തിയ ശേഷമാണ് സൗദിയിലേക്ക് പുറപ്പെട്ടത്.
അതുകൊണ്ട് തന്നെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ റിയാദ് സന്ദർശനവും കൂടിക്കാഴ്ചയും. സന്ദർശന പശ്ചാത്തലത്തിൽ ബ്രിട്ടീഷ് വക്താവ് പറഞ്ഞത് പശ്ചിമേഷ്യയിൽ സൗദി അറേബ്യ തങ്ങളുടെ ഒരു സുപ്രധാന പങ്കാളിയാണെന്നാണ്.
ഹമാസിന്റെ ആക്രമണത്തിന് ശേഷം ഗസ്സയിലേക്ക് മനുഷ്യത്വപരമായ സഹായങ്ങളെത്തിക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട സുനക് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ ലണ്ടൻ പിന്തുണക്കുന്നുവെന്നും പറഞ്ഞിരുന്നു. വിമാനത്താവളത്തിൽ റിയാദ് ഡെപ്യൂട്ടി ഗവർണർ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താനാണ് സുനകിനെ സ്വീകരിക്കാനെത്തിയത്. സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച അദ്ദേഹം മടങ്ങി.
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഫോണിൽ സംസാരിച്ചു. ഗസ്സയിലെ നിലവിലെ സംഘർഷ സാഹചര്യം ഇരുവരും ചർച്ച ചെയ്തു. മേഖലയിലും ലോകത്തും സുരക്ഷയിലും സമാധാനത്തിലും അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ സൈനിക നടപടി അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്രീയ, പ്രാദേശിക ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശി ചൂണ്ടിക്കാട്ടി.
പ്രദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക സുസ്ഥിരതയെ ബാധിക്കുന്ന അക്രമങ്ങൾ വ്യാപിക്കുന്നത് തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം. ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾക്ക് യു.എൻ നേതൃത്വം നൽകണമെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു.
ഗസ്സയിൽ ഉപരോധം നേരിടുന്ന സാധാരണക്കാർക്ക് വൈദ്യസഹായവും ഭക്ഷണസാമഗ്രികളും എത്തിക്കുന്നതിന് സുരക്ഷിതമായ മാനുഷിക ഇടനാഴികൾ നൽകുന്നതിൽ ഐക്യരാഷ്ട്രസഭയുടെയും സഹസ്ഥാപനങ്ങളുടെയും പങ്ക് കിരീടാവകാശി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.