യാംബു: ഗസ്സയിലെ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്നതിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും ഫോണിൽ ചർച്ച നടത്തി. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ അക്രമം വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാനും സംഘർഷം കുറക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകത കിരീടാവകാശി ചർച്ചയിൽ ഊന്നിപ്പറഞ്ഞു. മേഖലയെ മുൾമുനയിലാക്കുന്ന ഗസ്സ യുദ്ധം വ്യാപിക്കുന്നത് തടയാനും സമാധാന ദൗത്യങ്ങളുടെ മാർഗങ്ങൾ ആരാഞ്ഞുമായിരുന്നു ഫോണിലെ ആശയവിനിമയം. സംഘർഷം ആരംഭിച്ച് ഏതാനും നാളുകൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് കിരീടാവകാശി മാക്രോണുമായി സംസാരിക്കുന്നത്.
സാധാരണക്കാർക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുക, സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കുക, ഗസ്സയിൽനിന്നുള്ള നിർബന്ധിത കുടിയൊഴിപ്പിക്കൽ ശ്രമം തടയുക, ഫലസ്തീനികൾക്ക് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾക്കായി ഇതിനകം വിവിധ രാഷ്ട്രങ്ങളുടെ തലവന്മാരുമായി നിരവധി തവണ കിരീടാവകാശി ഫോൺ സംഭാഷണവും നേരിട്ടുള്ള കൂടിക്കാഴ്ചകളും നടത്തിയിരുന്നു. സിവിലിയന്മാരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ഏതെങ്കിലും വിധത്തിലുള്ള ആക്രമണം സൗദി നിരസിക്കുന്നതായും കിരീടാവകാശി പറഞ്ഞു. ഗസ്സ മേഖലയിലെ സംഘർഷത്തിൽ സൗദിയുടെ നിലപാട് വ്യക്തമാക്കിയ കിരീടാവകാശി അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടലുകൾ ഫലപ്രദമായി ഉണ്ടാവേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.