ചലച്ചിത്രോത്സവ നടത്തിപ്പ് ചുമതല സൗദി സിനിമ അസോസിയേഷന് കൈമാറുന്ന ചടങ്ങിൽ നിന്ന്

ചലച്ചിത്രോത്സവ സംഘാടനം സൗദി സിനിമ അസോസിയേഷന്

ദമ്മാം: എട്ടാം പതിപ്പിലെത്തിയ സൗദി ചലച്ചിത്രോത്സവ നടത്തിപ്പ് ചുമതല ഇനി സൗദി സിനിമ അസോസിയേഷന്. ദമ്മാം ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷനാണ് ഇതുവരെ സംഘടിപ്പിച്ചിരുന്നത്. സംസ്കാരിക മന്ത്രാലയത്തിന്‍റെ പിന്തുണയോടെ കിങ് അബ്ദുൽ അസീസ് സെന്‍റർ ഫോർ വേൾഡ് കൾച്ചറൽ (ഇത്റ) ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കൾചർ ആൻഡ് ആർട്‌സ് സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് അൽസമാലിനും സിനിമ സൊസൈറ്റി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ അഹമ്മദ് മുഹമ്മദ് അൽമുല്ലയും പുതിയ കരാറിൽ ഒപ്പുവെച്ചു.

ജൂൺ രണ്ട് മുതൽ ഒമ്പത് വരെയാണ് ചലച്ചിത്രോത്സവം. 2008ലാണ് ദമ്മാം കൾച്ചറൽ ആൻഡ് ആർട്സ് അസോസിയേഷനും ലിറ്റററി ക്ലബ്ബും സംയുക്തമായി സൗദി ചലച്ചിത്രോത്സവത്തിന് തുടക്കം കുറിച്ചത്. ചലച്ചിത്ര വ്യവസായത്തിന്‍റെ വളർച്ചക്കും സിനിമ നിർമാണത്തിനുമായി 2021ലാണ് സംസ്കാരിക മന്ത്രാലയത്തിന് കീഴിൽ സിനിമ അസോസിയേഷൻ രൂപവത്കരിച്ചത്. സൗദി ചലച്ചിത്ര മേഖലയെ ജനകീയമാക്കുന്നതിനും സംരക്ഷിക്കുന്നതിനും വളർത്തുന്നതിനും ദമ്മാം കൾച്ചറൽ ആൻഡ് ആർട്സ് അസോസിയേഷൻ ചെയ്ത പ്രവർത്തനങ്ങളെ സിനിമ അസോസിയേഷൻ ഡയറക്ടർ ഹന അൽഉമൈർ അഭിനന്ദിച്ചു. ചലച്ചിത്ര പാരമ്പര്യം സംരക്ഷിക്കുന്നത് പ്രാധാന്യത്തോടെ തുടരുമെന്നും അവർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട മികച്ച കരങ്ങളിലേക്കാണ് സംഘാടനം കൈമാറുന്നതെന്ന് കൾചർ ആൻഡ് ആർട്സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് അൽസമാൽ പറഞ്ഞു.

ദമ്മാം കൾചർ ആൻഡ് ആർട്‌സ് അസോസിയേഷൻ, കിങ് അബ്ദുൽ അസീസ് സെന്‍റർ ഫോർ വേൾഡ് കൾചറുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ വളർച്ചയിലെത്തിച്ചു. രാജ്യത്തെയും ഗൾഫിലെയും സിനിമ പ്രതിഭകൾക്കുള്ള ആദ്യത്തെ ഈറ്റില്ലമായി മാറാൻ ഈ ചലച്ചിത്രോത്സവത്തിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇത് വിജയിപ്പിക്കുന്നതിന് സ്വയം സമർപ്പിച്ച, ഇപ്പോഴും സജീവമായ ആളുകളാണ് ഇതിനെ വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ പുതിയ കാലത്തിൽ കൂടുതൽ ജനകീയമായും സാങ്കേതിക മികവിലും ചലച്ചിത്രോത്സവം പുരോഗമിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചൈനയാണ് ഇത്തവണ ചലച്ചിത്രോത്സവത്തിലെ അതിഥി രാജ്യം. മേളയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ മാർച്ചിൽ പൂർത്തിയായി.

Tags:    
News Summary - Saudi Film Association is now in charge of organizing the Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.