ജിദ്ദ: റഷ്യ-യുക്രെയ്ൻ യുദ്ധം രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് ഇടയാക്കില്ലെന്ന് പരിസ്ഥിതി-ജലം-കൃഷി മന്ത്രിയും ഭക്ഷ്യസുരക്ഷ സമിതി ചെയർമാനുമായ എൻജി. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫദ്ലി വ്യക്തമാക്കി. സൗദി അറേബ്യയിലെ വിപണികളിൽ ആവശ്യാനുസരണം ഭക്ഷ്യവസ്തുക്കളുണ്ട്.
ഭക്ഷോൽപന്ന ശേഖരം തൃപ്തികരവും അവയുടെ വിതരണം ആശ്വാസകരമായ രീതിയിലുമാണ്. യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
പ്രാദേശിക വിതരണത്തിന്റെ സ്ഥിരത നിലനിർത്തുന്നതിന് രാജ്യം അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ശേഖരം ശക്തിപ്പെടുത്തിയിട്ടുണ്ട്. ചരക്കുകളുടെ ആഗോള ഇറക്കുമതി സ്രോതസ്സുകളുടെ എണ്ണം കൂടിയതും അനുഗ്രഹമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗോതമ്പ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണകൾ, കോഴി ഇറച്ചി, റെഡ് മീറ്റ്, മത്സ്യം, മുട്ട, പാലും അതിന്റെ ഉൽപന്നങ്ങളും, പച്ചക്കറികളും പഴങ്ങളും, ഈത്തപ്പഴം, ബാർലി, ചോളം, സോയാബീൻ, പച്ച കാലിത്തീറ്റ എന്നിവയാണ് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ പ്രാദേശിക ശേഖരങ്ങൾ.
കോവിഡിന്റെ പ്രത്യാഘാതങ്ങൾ നിലവിലെ പ്രതിസന്ധിയേക്കാൾ കൂടുതലായിരുന്നു. ആ സമയത്ത് രാജ്യം ഭക്ഷ്യവിതരണ രംഗത്ത് മാതൃകയായി നിലകൊണ്ടു. ഭക്ഷ്യസമൃദ്ധിയിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി സൗദി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.