ജിദ്ദ: ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടക്കുന്ന ‘ബ്രിക്സ്’ സൗഹൃദ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിതല യോഗത്തോടനുബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറും തമ്മിൽ കൂടിക്കാഴ്ച നടത്തി.
ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ശക്തവുമായ ബന്ധങ്ങളുടെ അവലോകനവും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും അവലോകനം ചെയ്തു. കൂടാതെ ഇരു രാജ്യങ്ങൾക്കും പൊതുവായ ആശങ്കയുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഉഭയകക്ഷി, ബഹുരാഷ്ട്ര ഏകോപനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇരുവരും ചർച്ച ചെയ്തു.
‘വളർച്ചക്കുള്ള പങ്കാളിത്തം’ എന്ന മുദ്രാവാക്യത്തിന് കീഴിൽ നടക്കുന്ന ‘ബ്രിക്സ്’ സൗഹൃദ മന്ത്രിതല യോഗത്തിന്റെ അജണ്ടയിലെ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനൊപ്പം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും അടിത്തറയിടുന്നതും സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംഭാവനകൾ വർധിപ്പിക്കുന്നതും സംബന്ധിച്ച് സംയുക്ത ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ പ്രാധാന്യം ഇരു മന്ത്രിമാരും ചർച്ച ചെയ്തു.
സൗദി വിദേശകാര്യ മന്ത്രാലയം മൾട്ടിപ്പിൾ ഇന്റർനാഷനൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽ റാസി, ദക്ഷിണാഫ്രിക്കയിലെ സൗദി അംബാസഡർ സുൽത്താൻ അൽ ലുയ്ഹാൻ അൽഅൻഖാരി, സൗദി വിദേശകാര്യ മന്ത്രിയുടെ ഓഫിസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ ദാവൂദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.