സൗദിയിൽ വെള്ളിയാഴ്ച്ച പ്രഭാഷണം ‘മയക്കുമരുന്നിനെതിരെയുള്ള മുന്നറിയിപ്പ്’ ആവണമെന്ന് നിർദേശം

ജിദ്ദ: ഈ വെള്ളിയാഴ്ച (5.5.2023) പള്ളികളിൽ നടക്കുന്ന ജുമുഅ ഖുതുബ (പ്രഭാഷണം) മയക്കുമരുന്നിന്റെ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതായിരിക്കണമെന്ന് രാജ്യത്തെ മുഴുവൻ ഇമാമുമാർക്കും ഇസ്ലാമിക് അഫയേഴ്സ്, കാൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷൈഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷൈഖ് നിർദേശം നൽകി. എല്ലാ തരം ലഹരിവസ്തുക്കളുടെയും അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും വ്യക്തികൾക്കും സമൂഹത്തിനും അവ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് വിശദീകരിക്കാനുമാണ് മന്ത്രിയുടെ നിർദേശം.

പ്രഭാഷണത്തിനിടെ മയക്കുമരുന്ന് നിരോധനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കണമെന്നും, മയക്കുമരുന്ന് വ്യാപാരികളെയും കള്ളക്കടത്തുകാരെയും കൂട്ടാളികളെയും കുറിച്ച് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്തുകൊണ്ട് സുരക്ഷാ അധികാരികളുമായി സഹകരിക്കേണ്ടതിന്റെയും, അവരുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചു പൊതുജനങ്ങളെ ഉണർത്തണം.

കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കണമെന്നും മാരകമായ മയക്കുമരുന്ന് പദാർത്ഥമായ മെതാംഫെറ്റാമിൻ ഉൾപ്പെടെയുള്ള വിവിധ പേരുകളിലുള്ള മയക്കുമരുന്നുകളെക്കുറിച്ച് അവരെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും എല്ലാ വിധത്തിലും കുട്ടികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന മയക്കുമരുന്ന് ലോബികളെക്കുറിച്ചു ബോധവൽക്കരണം നടത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സൗദി അറേബ്യ മയക്കുമരുന്നിനെതിരായുള്ള ശക്തമായ നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി, മയക്കുമരുന്നുകളുടെ വ്യാപനത്തെ ചെറുക്കുക, മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തുക, ചില പ്രത്യേക പ്രായക്കാരെ, കൂടുതലും യുവതലമുറയെ ലക്ഷ്യമിടുന്ന ഈ വിപത്തിനുള്ള ധനസഹായത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് രാജ്യത്ത് ഒരു കാമ്പയിൻ തന്നെ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Saudi Islamic Affairs Minister directs imams to devote upcoming Friday sermon to dangers of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.