സന്ദർശനങ്ങൾക്ക് പരസ്പരം ക്ഷണിച്ച് സൗദി രാജാവും ഇറാൻ പ്രസിഡന്റും

റിയാദ്: ഏഴ് വർഷത്തെ അകൽച്ചക്ക് ശേഷം പരസ്പരം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ പരസ്പരം സന്ദർശനത്തിന് ക്ഷണിച്ച് സൗദി അറേബ്യയുടെയും ഇറാന്റെയും ഭരണാധിപന്മാർ. ചൈനീസ് മധ്യസ്ഥതയിൽ ബെയ്‌ജിങ്ങിൽ ഇത് സംബന്ധിച്ച കരാർ ഒപ്പുവെച്ച് ഏറെ വൈകാതെ തന്നെ സൽമാൻ രാജാവ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ റിയാദിലേക്ക് ക്ഷണിച്ചിരുന്നു. ഇത് സ്വാഗതം ചെയ്ത ഇറാൻ പ്രസിഡന്റ് സൽമാൻ രാജാവിനെ ഔദ്യോഗിക സന്ദർശനത്തിന് തെഹ്റാനിലേക്ക് ക്ഷണിച്ചതായി നയതന്ത്ര വക്താവ് നാസർ കൻആനിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രസിഡന്റ് റെയ്സിക്ക് അയച്ച കത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനെ സ്വാഗതം ചെയ്ത സൗദി രാജാവ് അദ്ദേഹത്തെ റിയാദിലേക്ക് ക്ഷണിച്ചിരുന്നു. ഇത് സ്വാഗതം ചെയ്ത പ്രസിഡന്റ് സൽമാൻ രാജാവിനെ തെഹ്‌റാൻ സന്ദർശനത്തിന് ക്ഷണിച്ചതായി ഇറാനിയൻ പ്രസിഡന്റിന്റെ രാഷ്ട്രീയ കാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷീദിയും സ്ഥിരീകരിച്ചിട്ടുണ്ട്.

സന്ദർശനങ്ങൾ എപ്പോഴാണ് നടക്കുക എന്ന് പറയാനാവില്ലെന്ന് സൂചിപ്പിച്ച കൻആനി ഇരുരാഷ്ട്ര നേതൃത്വങ്ങളുടെയും സന്ദർശങ്ങനങ്ങളും ആശയവിനിമയങ്ങളും തൽക്കാലം വിദേശകാര്യ മന്ത്രാലയ തലത്തിൽ നടക്കുമെന്ന് തെഹ്റാനിൽ നടന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. നയതന്ത്ര ബന്ധം അവസാനിക്കുന്നതിന് മുമ്പ് ഒപ്പിട്ട രണ്ട് സമഗ്ര കരാറുകൾ പ്രാവർത്തികമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

മാർച്ച് 10 ലെ അനുരഞ്ജന കരാർ നടപ്പാക്കുന്നതിലെ വേഗതയെ അഭിനന്ദിച്ച കൻആനി ഇരു രാജ്യങ്ങളുടെയും എംബസികൾ മെയ് ഒമ്പതിന് തുറക്കുമെന്ന് പറഞ്ഞു. "ഇരുരാജ്യത്തെയും നയതന്ത്ര പ്രതിനിധികൾ പരസ്പരം നന്നായി ഇടപെട്ടു. കാര്യാലയങ്ങൾ തുറന്നിട്ടില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം പ്രായോഗിക തലത്തിൽ പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞു" -അദ്ദേഹം പറഞ്ഞു. ഹജ്ജ് അടുത്തുവരുന്ന സ്ഥിതിക്ക് നയതന്ത്ര ദൗത്യങ്ങൾ പരമാവധി വേഗത്തിൽ നിർവഹിക്കാനാണ് തങ്ങൾ നോക്കുന്നതെന്നും കൻആനി വ്യക്തമാക്കി.

Tags:    
News Summary - Saudi King and Iranian President invite each other for visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.