ദമ്മാം: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സി സൗദി ഘടകം നേതൃമാറ്റത്തിനൊരുങ്ങി. വെള്ളിയാഴ്ച മക്കയിൽ നടക്കുന്ന ദേശീയ കൗൺസിൽ മീറ്റിൽ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും. അസ്വാരസ്യങ്ങളില്ലാതെ നേതൃ കൈമാറ്റം സാധ്യമാക്കാൻ മാതൃസംഘടനയായ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാക്കൾ ദിവസങ്ങൾക്കു മുമ്പേ സൗദിയിലെത്തി ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.
പുതിയ മെംബർഷിപ് കാമ്പയിൻ പൂർത്തിയായപ്പോൾ അംഗങ്ങളുടെ എണ്ണം 55,000 ആയി. 38 പ്രവിശ്യാ സെൻട്രൽ കമ്മിറ്റികളുടെയും അവക്കു കീഴിൽ ജില്ല കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയാണ് ദേശീയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 500 അംഗങ്ങൾക്ക് ഒരു കൗൺസിലർ എന്ന നിലയിൽ ഏകദേശം 110 കൗൺസിലർമാരായിരിക്കും ദേശീയ ഘടകത്തിലുള്ളത്. ഇവരാണ് തങ്ങളിൽനിന്ന് പ്രധാന ഭാരവാഹികളെ കണ്ടെത്തുക.
16,000 അംഗങ്ങളുള്ള ജിദ്ദ സെൻട്രൽ കമ്മിറ്റിക്കാണ് കൗൺസിലിൽ ആധിപത്യം കൂടുതൽ. 10,000 അംഗങ്ങളുമായി റിയാദും 7500 അംഗങ്ങളുമായി ദമ്മാമും തൊട്ടുപിറകെയുണ്ട്. കെ.എം.സി.സി സംഘടനാ രൂപത്തിൽ സൗദിയിൽ പ്രവർത്തിച്ചുതുടങ്ങി 40 വർഷം പൂർത്തിയാകുന്ന വേളയിൽ മുസ്ലിം ലീഗ് തങ്ങളുടെ ഏറ്റവും ശക്തമായ പോഷക ഘടകമായി അതിനെ അംഗീകരിച്ചു എന്ന പ്രാധാന്യംകൂടി ഇപ്പോഴുണ്ട്.
ലീഗ് സംസ്ഥാന നേതൃത്വം അതിഗൗരവത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. കെ.എം.സി.സി രൂപവത്കരണ കാലം മുതൽ മൂന്നര പതിറ്റാണ്ടോളം ഇതിന് നേതൃത്വം കൊടുത്ത കെ.പി. മുഹമ്മദ് കുട്ടി ഇപ്പോൾ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനാണ്. ഇനി അദ്ദേഹം കെ.എം.സി.സി നേതൃത്വത്തിൽ ഉണ്ടാവില്ല എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ദമ്മാമിൽനിന്നുള്ള എൻജിനീയർ ഹാഷിം ദീർഘകാലം ട്രഷർ പദവി വഹിച്ചിരുന്നു. ഏതാനും വർഷം മുമ്പ് അദ്ദേഹം മരിച്ചു.
2018ൽ അന്നത്തെ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങൾ ഇടപെട്ട് അഷറഫ് വേങ്ങാട്ട് പ്രസിഡന്റും ഖാദർ ചെങ്കള ജനറൽ സെക്രട്ടറിയുമായി ഒരു അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കി മെംബർഷിപ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെങ്കിലും കോവിഡ് മഹാമാരി വന്നതോടെ സംഘടന തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. നീണ്ട അഞ്ചു വർഷത്തിനിപ്പുറമാണ് ഇപ്പോൾ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സൗദി കെ.എം.സി.സി തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരൻകൂടിയായ സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കല്ലായി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി.എം.എ. സമീർ എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കായി സൗദിയിലെത്തിയിട്ടുണ്ട്. ഇവർ മുഴുവൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച പൂർത്തിയാക്കി അഭിപ്രായങ്ങൾ സ്വരൂപിച്ചിട്ടുണ്ട്. അതനുസരിച്ച് സമവായ നീക്കത്തിലൂടെയുള്ള ഭാരവാഹി പ്രഖ്യാപനത്തിനാണ് സാധ്യത.
ഒരു വിഭാഗം അതൃപ്തി പരസ്യമാക്കി രംഗത്തുണ്ട്. ഒരുകാലത്ത് കെ.എം.സി.സിയുടെ നേതൃത്വ സ്ഥാനത്തുണ്ടായിരുന്ന പലരും സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ പുറത്തായതാണ് പുകച്ചിലുകൾക്ക് കാരണം. എന്നാൽ, ഇത്തരം പരാതികളെ അവഗണിക്കാനാണ് ഉന്നത നേതൃത്വത്തിന്റെ തീരുമാനം.
ജനാധിപത്യ രീതിയിൽതന്നെ കീഴ്ഘടകങ്ങളിൽ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കാൻ കഴിഞ്ഞെന്നാണ് നേതൃത്വം കരുതുന്നത്. വിഭാഗീയ പ്രവർത്തനങ്ങൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും കെ.എം.സി.സിയുടെ നേതൃത്വത്തിൽ അടിമുടി ഒരു തലമുറമാറ്റം സംഭവിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പഴയ മുഖങ്ങൾ പലതും മാറിനിൽക്കുകയും യുവാക്കളുടെ പുതിയ നിര നേതൃത്വത്തിലേക്ക് എത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പ്രവർത്തനപരിചയമുള്ള പഴയ നേതാക്കളെ മാർഗദർശികളായി കമ്മിറ്റികളിൽ ഉൾപ്പെടുത്താനും തീരുമാനമുണ്ട്. ഏതായാലും പ്രവർത്തനശൈലിയിലും രൂപത്തിലും നിരവധി മാറ്റങ്ങളുള്ള കെ.എം.സി.സിയായിരിക്കും പുതിയ പ്രവർത്തനകാലയളവിലുണ്ടാവുക എന്ന വികാരമാണ് പല കോണുകളിൽനിന്നും പങ്കുവെക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.