സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി വർച്വലായി നടത്തിയ വാർത്താസമ്മേളനം

സൗദി കെ.എം.സി.സി രണ്ട് കോടി രൂപയുടെ ആനുകൂല്യ വിതരണം നാളെ​

റിയാദ്​: സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി സാമൂഹിക സുരക്ഷാ പദ്ധതി 2020 വര്‍ഷത്തെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും പ്രവര്‍ത്തക സംഗമവും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിന്​ മലപ്പുറം ജില്ല ലീഗ് ഓഫിസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി അംഗങ്ങളായിരിക്കെ മരിച്ച 25 പേരുടെ ആശ്രിതര്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ 112 പേര്‍ക്കുമായി രണ്ട് കോടിയോളം രൂപയുടെ വിതരണോദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിർവഹിക്കും.

2020 വര്‍ഷത്തെ പദ്ധതിയില്‍നിന്നും, മരിച്ച 81 പേരുടെ കുടുംബങ്ങള്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ 100 പേര്‍ക്കുമായി അഞ്ചര കോടിയോളം രൂപ കഴിഞ്ഞ സെപ്റ്റംബറില്‍ പാണക്കാട് നടന്ന ചടങ്ങില്‍ ഒന്നാം ഘട്ടമായി വിതരണം ചെയ്തിരുന്നു. അതിന് ശേഷം ഡിസംബര്‍ 31 വരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലാണ് രണ്ടാംഘട്ട വിതരണം നടത്തുന്നത്.

2020 വര്‍ഷത്തെ പദ്ധതിയില്‍, ആകെ മരിച്ച 106 അംഗങ്ങളില്‍ 30 പേര്‍ കോവിഡ് ബാധിച്ചാണ്‌ മരിച്ചത്. എട്ട് വര്‍ഷം പിന്നിടുന്ന നാഷനല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതി ഇന്ന് സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിനിടയിലെ ഏറ്റവും വലിയ പരസ്​പര സഹായ പദ്ധതിയായി വളര്‍ന്ന് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. കേരളത്തില്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കെ.എം.സി.സി കേരള എന്ന പേരില്‍ ട്രസ്​റ്റ്​ രുപവത്​കരിച്ച്​ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

ചടങ്ങില്‍ കെ.എന്‍.എ കാദര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നിർവഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്‌ ബഷീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, യു.എ. ലത്തീഫ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. സൗദി കെ.എം.സി.സി പ്രസിഡൻറ്​ കെ.പി. മുഹമ്മദ്‌ കുട്ടി, വര്‍ക്കിങ്​ പ്രസിഡൻറ്​ അഷ്‌റഫ്‌ വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, ചെയര്‍മാന്‍ ഇബ്രാഹീം മുഹമ്മദ്‌, സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി, കോഓഡിനേറ്റർ റഫീഖ് പാറക്കൽ, ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് എന്നിവർ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Saudi KMCC to distribute Rs 2 crore benefits tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.