ദമ്മാം: ലോകമാസകലം പടർന്നുകിടക്കുന്ന മലയാളികളെ ഒരുമിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപകൽപന ചെയ്ത ഡിജിറ്റൽ ഇടമാണ് ലോക കേരളം ഓൺലൈൻ പോർട്ടലെന്നും എല്ലാ പ്രവാസികളും രജിസ്റ്റർ ചെയ്യണമെന്നും നവയുഗം സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
മലയാളി പ്രവാസികൾ ലോകത്തെവിടെയായിരുന്നാലും അവർ ആഗോള മലയാളി സമൂഹത്തിന്റെ ഭാഗമമെന്ന് ഉറപ്പുനൽകുന്ന, പ്രവാസി മലയാളികൾക്ക് തമ്മിലും നാടുമായും ആശയവിനിമയ സംവേദനം സാധ്യമാക്കുന്ന ഈ പ്ലാറ്റ്ഫോം, ഇക്കഴിഞ്ഞ നാലാം ലോകകേരള സഭയിൽ വെച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് റാക ഈസ്റ്റ് യൂനിറ്റ് സമ്മേളനം അഭ്യർഥിച്ചു. റാക യൂനിറ്റ് ദമ്മാം ഓഫിസ് ഹാളിൽ രവി അന്ത്രോട് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സമ്മേളനം നവയുഗം കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ഭാരവാഹികളായി കോശി ജോർജ് (രക്ഷാധികാരി), ജിതേഷ് (പ്രസി.), രവി അന്ത്രോട് (സെക്ര.), ഷിജു പാലക്കാട് (വൈ. പ്രസി.), ഖാദർ ബെയ്ഗ് (ജോ. സെക്ര.), സിജു മാത്യു (ട്രഷ.) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബിനു കുഞ്ചു, ഡെന്നി, എബി, അയ്യപ്പൻ, ജയചന്ദ്രൻ, വർഗീസ്, മനോജ് തോമസ്, ഹരിദാസൻ, ബിജു വർക്കി എന്നിവരെയും തെരഞ്ഞെടുത്തു.
കോശി ജോർജ് സ്വാഗതവും ഷിജു പാലക്കാട് നന്ദിയും പറഞ്ഞു. സൗദി പ്രവാസികൾക്കായി ആഗസ്റ്റ് രണ്ടിന് വൈകിട്ട് നോർക്ക, പ്രവാസി ക്ഷേമനിധി വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സെമിനാർ നടത്താൻ സമ്മേളനം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.