ജിദ്ദ: ‘ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദീ മുന്നേറ്റം’ എന്ന പ്രമേയത്തിൽ കേരള നദ് വതുൽ മുജാഹിദീൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാമ്പയിനിന്റെ സൗദിതല ഉദ്ഘാടനം ഇന്ത്യൻ ഇസ്‍ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റിയുടെ കീഴിൽ ജിദ്ദ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു. ഐ.എസ്.എം സംസ്ഥാന ഭരണ സമിതി അംഗം നൗഷാദ് കരുവണ്ണൂർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ആത്മീയ ചൂഷണങ്ങൾക്കുമെതിരെ നിലകൊള്ളുകയും ജനങ്ങൾക്കിടയിൽ ദിശാബോധം നൽകുകയും ചെയ്ത സംഘടനയാണ് മുജാഹിദ് പ്രസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇസ്‍ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ ശിഹാബ് സലഫി അധ്യക്ഷത വഹിച്ചു. കെ.എൻ.എം വിദ്യാഭ്യാസ വകുപ്പ് ഹയർ ബോർഡ് അംഗം ഡോ. പി.എം.എ വഹാബ് ആശംസകൾ നേർന്നു. കാമ്പയിൻ പ്രമേയാവതരണം ബാദുഷ ബാഖവി നിർവഹിച്ചു.
ആത്മീയ ചൂഷണം എന്നത് വിദഗ്ധമായ ഒരു കലയായി കൊണ്ടുനടക്കുന്ന ഒരു കൂട്ടം പൗരോഹിത്യ സമൂഹം നമുക്കിടയിലുണ്ടെന്നും അത് മത, രാഷ്ട്ര, ഭാഷ ഭേദമെന്യേ ലോകാടിസ്ഥാനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നും നാട്ടിലെ മുസ്‍ലിം സമുദായത്തിൽ അത്തരം ചൂഷണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുജാഹിദ് കാമ്പയിൻ പ്രമേയം അനിവാര്യമാണെന്നും സദസ്സിനെ ഉത്‌ബോധിപ്പിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ബാസ് ചെമ്പൻ സ്വാഗതവും നാഷനൽ എക്സിക്യൂട്ടിവ് അംഗം നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.