റിയാദിൽ നടക്കുന്ന ആറാമത് ഭാവി നിക്ഷേപ ഉച്ചകോടിയിലെ മീഡിയവൺ പവലിയനിൽ സന്ദർശനം നടത്തിയ സൗദി മാധ്യമ മന്ത്രാലയം ഡയറക്ടർ ഹുസൈൻ അൽഷമ്മരി മീഡിയാവൺ സി.ഇ.ഒ റോഷൻ കക്കാട്ട്​, ഗൾഫ്​ മാധ്യമം ആൻഡ്​ മീഡിയ വൺ മിഡിൽ ഈസ്​റ്റ്​ ഡയറക്​ടർ സലീം അമ്പലൻ, സൗദി റെസിഡന്റ് മാനേജർ സലീം മാഹി എന്നിവർക്കൊപ്പം

സൗദിയുടെ നവീന ആശയങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ മീഡിയാവണ്ണിനും പങ്ക് -സൗദി മാധ്യമ മന്ത്രാലയം ഡയറക്ടർ

റിയാദ്: സൗദി അറേബ്യ പ്രഖ്യാപിക്കുന്ന നൂതനമായ ആശയങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ മീഡിയാവണ്ണിനും പങ്കുണ്ടെന്നും സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ജനങ്ങൾക്കിടയിലേക്ക് നല്ലതുപോലെ എത്തിക്കാൻ ചാനൽ നിർവഹിക്കുന്ന ദൗത്യം പ്രശംസാർഹമാണെന്നും സൗദി മാധ്യമ മന്ത്രാലയത്തിലെ അന്താരാഷ്ട്ര മാധ്യമവിഭാഗം ഡയറക്ടർ ഹുസൈൻ അൽഷമ്മരി. റിയാദിൽ നടക്കുന്ന ആറാമത് ഭാവി നിക്ഷേപ ഉച്ചകോടിയിലെ മീഡിയവൺ പവലിയനിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.

മീഡിയവൺ സജീവമായിട്ട് സൗദി അറേബ്യയുടെ നവീനമായ എല്ലാ കാര്യങ്ങളിലും പരമാവധി വാർത്താപ്രാധാന്യം നൽകാറുണ്ട്. അത് പ്രശംസനീയമാണ്. ഇത്തവണ നിക്ഷേപ ഉച്ചകോടിയിൽ മാധ്യമ പങ്കാളിയായി ഫ്യൂച്ചർ ഇൻവെസ്റ്റുമെന്റ് ഇനിഷ്യേറ്റീവ് (എഫ്.ഐ.ഐ) ഇൻസ്റ്റിറ്റ്യൂട്ട് മീഡിയാ വണ്ണിനെ തെരഞ്ഞെടുത്തു. അത് വലിയൊരു നേട്ടമാണ്. അതിൽ മന്ത്രാലയത്തിനും സന്തോഷമുണ്ട്.

നിലവിലുള്ള സാഹചര്യത്തിൽ സൗദിയിലുണ്ടാകുന്ന പുതിയ പുതിയ മാറ്റങ്ങൾ പുറംലോകത്ത് എത്തിക്കുന്നതിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. അത്തരത്തിലുള്ള പങ്കുതന്നെയാണ് മീഡിയ വണ്ണും ചെയ്തുകൊണ്ടിരിക്കുന്നത്. വരും മാസങ്ങളിലും വർഷങ്ങളിലുമായി സൗദിയിൽ നിരവധി പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നുണ്ട്. അത്തരം പ്രഖ്യാപനങ്ങൾ ഇന്ത്യയിലെ സമൂഹത്തിനിടയിലേക്ക് എത്തിക്കുന്നതിൽ മീഡിയവണ്ണിന്റെ പങ്ക് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു.

തുടർന്നും സൗദിയിലെ ഇത്തരം നൂതനമായ ആശയങ്ങൾ, സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തി​ക്കാൻ മീഡിയവണ്ണിന് കഴിട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മീഡിയാവണ്ണിനും ഫ്യൂച്ചർ ഇൻവെസ്റ്റ് ഇനിഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നുകൊണ്ട് തന്നെ മാധ്യമരംഗത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും. പ്രത്യേകിച്ച് ഇതുപോലെയുള്ള ലോകത്തെ അനേകം കമ്പനി സി.ഇ.ഒമാർ പ​ങ്കെടുക്കുന്ന ഇത്തരം ചടങ്ങുകൾ, നിക്ഷേപകരായിട്ടുള്ള ഇന്ത്യയിലെ ആളുകൾക്കിടയിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുണ്ട്.

നൂറുകോടിയിൽ അധികം ജനസംഖ്യയുള്ള ഇന്ത്യ, സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പങ്കാളിയാണ്. ഇന്ത്യയും സൗദിയും തമ്മിൽ കാലങ്ങളായിട്ട് നല്ല ബന്ധമാണ് നിലനിൽക്കുന്നത്. അത് കൂടുതൽ ഊഷ്മളമാകുന്നതാണ് നിലവിൽ നമ്മൾ കാണുന്നത്. ആഗോള ലോജിസ്റ്റിക്സ് ഹബ്ബും ​ട്രാൻസ്​പോർട്ടേഷൻ ഹബ്ബുമായിട്ട് സൗദി അറേബ്യ മാറാൻ പോവുകയാണ്. ആ ഒരു ഘട്ടത്തിൽ പോലും ഇന്ത്യയുമായിട്ടുള്ള സഹകരണം സൗദി അറേബ്യക്ക് നിർണായകമാണ്. അതിലെല്ലാം തന്നെ മീഡിയ വൺ പോലുള്ള മാധ്യമങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്.

അത് തുടരാനാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു. പവലിയനിലെത്തിയ മന്ത്രാലയം ഡയറക്ടർ ഹുസൈൻ അൽഷമ്മരിയെ മീഡിയാവൺ സി.ഇ.ഒ റോഷൻ കക്കാട്ട്​, ഗൾഫ്​ മാധ്യമം ആൻഡ്​ മീഡിയ വൺ മിഡിൽ ഈസ്​റ്റ്​ ഡയറക്​ടർ സലീം അമ്പലൻ, മീഡിലീസ്റ്റ് എഡിറ്റോറിയൽ ചീഫ് എം.സി.എ നാസർ, സൗദി റെസിഡന്റ് മാനേജർ സലീം മാഹി എന്നിവർ ചേർന്ന് സ്വീകരിച്ചു.  

Tags:    
News Summary - Saudi Ministry of Media Director Hussain al Shammary react about Mediaone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.