ജിദ്ദ: ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സൗദിയിൽ നിന്നുള്ള സന്നദ്ധ സേവന സംഘം തുർക്കിയയിലെത്തി. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് നിരവധി മെഡിക്കൽ, സന്നദ്ധ സംഘങ്ങളും സിവിൽ ഡിഫൻസ് ടീമുകളും ഉൾപ്പെടുന്ന സംഘത്തേയും വഹിച്ചുള്ള വിമാനം റിയാദിൽ നിന്ന് തുർക്കിയയിലെത്തിയത്.
തുർക്കിയയിലെ ഭൂകമ്പ ദുരിതബാധിതർക്ക് മാനുഷിക സഹായങ്ങൾ നൽകുന്നതിന് റെഡ് ക്രസൻറിന്റെ കൂടുതൽ ആളുകൾ തുർക്കിയിലേക്ക് പുറപ്പെടാനിക്കുകയാണെന്ന് റെഡ്ക്രസൻറ് ഉപമേധാവി ഫഹദ് അൽഹുജ്ജാജ് പറഞ്ഞു. സിവിൽ ഡിഫൻസ്, കിങ് സൽമാൻ റിലീഫ് സെൻറർ എന്നിവയുമായി സഹകരിച്ചാണ് സംഘം പ്രവർത്തിക്കുക. 20 പേരെയാണ് റെഡ് ക്രസൻറ് ഇപ്പോൾ അയച്ചത്.
ഡോക്ടർമാർ, പ്രാഥമിക ശുശ്രൂഷ വിദഗ്ധർ, അടിയന്തിര ചികിത്സാസേവന വിദഗ്ധർ എന്നിവർ അതിലുൾപ്പെടും. അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ ദുരിതബാധിത പ്രദേശങ്ങളിലെ ആവശ്യങ്ങളെക്കുറിച്ച് പൂർണ ധാരണ നേടാനാണ് ശ്രമിക്കുന്നതെന്നും റെഡ് ക്രസൻറ് മേധാവി പറഞ്ഞു.
അതേ സമയം, സിറിയയിലേയും തുർക്കിയയിലേയും ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ ദേശീയ സഹായ സമാഹരണ കാമ്പയിൻ പ്രവർത്തനങ്ങൾ സൗദിയിൽ പുരോഗമിക്കുകയാണ്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെ നിർദേശത്തെ തുടർന്ന് ബുധനാഴ്ചയാണ് ഭൂകമ്പ ദുരിതബാധിതർക്കായി ജനകീയ കാമ്പയിൻ ആരംഭിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ സംഭാവന 10 കോടി റിയാൽ കവിഞ്ഞിട്ടുണ്ട്. https://sahem.ksrelief.org/Pages/ProgramDetails/f5ceca02-17a7-ed11-b84b-005056ac5a6e എന്ന ലിങ്ക് വഴി സ്വദേശികൾക്കും വിദേശികൾക്കും ഇതിലേക്ക് സംഭാവന ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.