റിയാദ്: അൽഖർജിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലയാളി യുവാവിനെ നാട്ടിലെത്തിച്ചു. കൊല്ലം കരിക്കോട് ചാത്തനാംകുളം സ്വദേശി നിധിനെ റിയാദിലെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യവിഭാഗം പ്രവർത്തകരുടെ പ്രവർത്തനഫലമായാണ് നാട്ടിലേക്ക് കൊണ്ടുപോയത്. നിധിനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് അപകടം. സുഹൃത്തായ തമിഴ്നാട് സ്വദേശി അപകട സ്ഥലത്തുതന്നെ മരിച്ചിരുന്നു. മറ്റൊരു സുഹൃത്തായ ആലപ്പുഴ സ്വദേശി രഞ്ജിത്തിനെ തുടർ ചികിത്സാർഥം കേളിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചിരുന്നു.
വിദേശകാര്യമന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും അഭ്യർഥന മാനിച്ചാണ് കേളി അൽഖർജ് ജീവകാരുണ്യവിഭാഗം പ്രവർത്തകർ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. മൂന്നുമാസത്തോളം അബോധാവസ്ഥയിൽ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിധിനെ കഴിഞ്ഞമാസമാണ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തത്. തുടർന്ന് അൽഖർജ് ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനിയുടെ ഫ്ലാറ്റിലാണ് താമസിപ്പിച്ചിരുന്നത്. അരക്ക് കീഴെ ചലനശേഷി നഷ്ടപ്പെട്ട നിധിെൻറ പ്രാഥമികകാര്യങ്ങൾ ഉൾപ്പെടെയുള്ള ശുശ്രൂഷകൾ നാസറും സഹോദരങ്ങളുമാണ് നോക്കിയിരുന്നത്.
ഇതിനിടെ സൗദി തൊഴിൽ വകുപ്പുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുകയും നിധിെൻറ സ്പോൺസറെ സമീപിച്ച് ഹുറൂബ് ഒഴിവാക്കുകയും സൗദി സർക്കാറിലേക്ക് അടക്കേണ്ടതായ ഭീമമായ നഷ്ടപരിഹാരത്തുക ഒഴിവാക്കിക്കിട്ടുന്നതിനാവശ്യമായ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കഴിഞ്ഞദിവസം നിധിനെ കൂടുതൽ ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി സ്വദേശത്തേക്ക് കയറ്റിവിട്ടു. നിധിെൻറ നാട്ടിലേക്കുള്ള തിരിച്ചുപോക്കിന് കേളി ജീവകാരുണ്യവിഭാഗം അൽഖർജ് ഏരിയ കൺവീനർ നാസർ പൊന്നാനി, ചെയർമാൻ ഗോപാലൻ, കേന്ദ്ര ജീവകാരുണ്യ വിഭാഗം അംഗം ഷാജഹാൻ കൊല്ലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.