ജിദ്ദ: കോവിഡ് മൂലം പ്രതിസന്ധിയിലായ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികളെ സഹായിക്കാൻ സൽമാൻ രാജാവിെൻറ ഉത്തരവിനെ തുടർന്ന് ആവിഷ്കരിച്ച പദ്ധതികളുടെ കാലാവധി നീട്ടിയതായി ധനകാര്യ, സാമ്പത്തികാസൂത്രണ മന്ത്രിയും സോഷ്യൽ ഇൻഷുറൻസ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ പറഞ്ഞു. കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യക്തികളെയും സ്വകാര്യ സ്ഥാപനങ്ങളെയും നിക്ഷേപകരെയും സഹായിക്കുന്നതിനായി പ്രഖ്യാപിച്ച സംരംഭങ്ങളുടെ കാലാവധി നീട്ടിയുള്ള രാജകൽപന കഴിഞ്ഞ ദിവസമാണുണ്ടായത്. ധനകാര്യം, സാമ്പത്തിക ആസൂത്രണം, മാനവ വികസനം, സോഷ്യൽ ഇൻഷുറൻസ് ഒാർഗനൈസേഷൻ എന്നിവ ഉൾപ്പെടുന്ന സമിതി സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് കാലാവധി നീട്ടാനുള്ള തീരുമാനമെന്ന് ധനമന്ത്രി പറഞ്ഞു.
അടുത്ത ഘട്ടത്തിൽ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച സ്ഥാപനങ്ങളിലെ 70 ശതമാനം തൊഴിലാളികൾ സഹായ പരിധിയിലുൾപ്പെടും. പ്രതിസന്ധി കുറവുള്ള സ്ഥാപനങ്ങളിലെ പരമാവധി 50 ശതമാനം തൊഴിലാളികളും ഇതിലുൾപ്പെടും. സഹായത്തിനുള്ള കാലയളവ്, യോഗ്യതകൾ, വ്യവസ്ഥകൾ, അപേക്ഷ സമർപ്പിക്കുന്നതിനുള്ള സംവിധാനം, സഹായത്തിെൻറ തോത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ അടുത്ത 10 ദിവസത്തിനുള്ളിൽ പരസ്യപ്പെടുത്തും. കോവിഡ് പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കുന്നതിന് തൊഴിലില്ലായ്മ ഇൻഷുറൻസ് (സാനിദ്) സംവിധാനത്തിലൂടെ ഗുണഭോക്താക്കൾക്ക് പ്രതിമാസ വേതനം നൽകിയതിനാൽ തൊഴിലുടമയെ വേതനം നൽകേണ്ട ബാധ്യതയിൽനിന്ന് ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. ഇതിന് പുറമെ സഹായം ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളെയും ഇൻഷുറൻസ് പ്രീമിയം അടക്കുന്നതിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതിെൻറ ഫലമായി സ്വകാര്യ മേഖലയിൽനിന്ന് ഒഴിവാക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണം ഇൗ വർഷത്തിെൻറ ആദ്യ ആറു മാസത്തിനുള്ളിൽ 10 ശതമാനമായി കുറഞ്ഞു.
തൊഴിൽ വിപണിയിലെ സാമ്പത്തിക പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും സ്വദേശിവത്കരണത്തിനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാതിരിക്കാനും സാനിദ് സഹായം തുണയായിട്ടുണ്ട്. ജോലി വരുമാനമില്ലാത്തവർക്ക് ബദൽ വരുമാനമായി. കോവിഡ് പ്രതിസന്ധി കാരണം സ്വദേശികളായ തൊഴിലാളികളുടെ വേതനം നൽകാൻ കഴിയാത്ത സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ളതായിരുന്നു ഇൗ സഹായം. ഇത് ജോലികൾ പുനരാരംഭിക്കാൻ സഹായിച്ചെന്നും ധനമന്ത്രി പറഞ്ഞു. മൂന്നു മാസത്തിനിടെ 90,000ത്തിലധികം സ്ഥാപനങ്ങൾക്ക് ‘സാനിദ്’ സംരംഭത്തിൽനിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ട്. 4,80,000ത്തിൽ അധികം വരിക്കാർക്ക് ഇതിെൻറ പ്രയോജനം ലഭിച്ചിട്ടുണ്ട്. 3.5 ശതകോടി റിയാലിലധികം ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.