യാംബു: രാജ്യത്തെ ആഭ്യന്തര വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 30വരെ നീളുന്ന ‘തനഫുസ്’ സമ്മർ സീസൺ കാമ്പയിൻ ജനങ്ങളെ ആകർഷിക്കുന്നു. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം സന്ദർശകർ എത്തിത്തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാവിലക്ക് നീങ്ങിയതോടെയാണ് സഞ്ചാരികൾ കുടുംബസമേതം പ്രകൃതി സൗന്ദര്യം തേടി ആരോഗ്യമുൻകരുതലുകൾ സ്വീകരിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ തുടങ്ങിയത്. യാംബു വ്യവസായ നഗരത്തോട് ചേർന്ന് ചെങ്കടലിനോട് ചേർന്ന് 11 കിലോമീറ്റർ നീളത്തിൽ അതിവിശാലമായിക്കിടക്കുന്ന കടലോര ഉദ്യാനം സന്ദർശകർക്ക് ഹൃദ്യമായ കാഴ്ചാനുഭവം ഒരുക്കുന്നു.
കുടുംബസമേതം ഒരുമിച്ചിരിക്കാനും ഏതു പ്രായക്കാർക്കും ആസ്വദിക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉദ്യാനത്തിൽ സജ്ജമാണ്. വൃത്താകൃതിയിൽ പ്രത്യേക രീതിയിൽ രൂപകൽപന ചെയ്ത എണ്ണമറ്റ വിശ്രമക്കൂടാരങ്ങളും വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങളും പ്രാർഥനായിടങ്ങളുമെല്ലാം സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകങ്ങളാണ്. മനോഹരമായ നടപ്പാതകളും പച്ചവിരിച്ച വിശാലമായ പുൽപ്പരവതാനിയും ഈ ചാരുതയേറിയ പാർക്കിെൻറ വേറിട്ട സവിശേഷതയാണ്. കടലിൽ ഉല്ലാസ യാത്രകൾ ഒരുക്കി സന്ദർശകരെ ആവോളം മനം കുളിർപ്പിക്കുന്ന ഇവിടുത്തെ ഒരിടമാണ് ‘യൂത്ത് ബീച്ച്’. ബോട്ടുയാത്രകളും വാട്ടർ സ്കൂട്ടർ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ കടലിൽ നീന്താൻ സുരക്ഷാവലയമൊരുക്കി പ്രത്യേകം ഇടങ്ങൾ തന്നെ നിശ്ചയിച്ചിട്ടുണ്ട്.
കായികപ്രേമികൾക്ക് അവരുടെ താൽപര്യപ്രകാരം ടെന്നീസ്, വോളിബാൾ, ഫുട്ബാൾ, ബാസ്കറ്റ് ബാൾ തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിക്കാൻ വിശാലമായ സൗകര്യങ്ങളും പാർക്കിലുണ്ട്. റോയൽ കമീഷൻ അതോറിറ്റിയാണ് മധ്യപൂർവേഷ്യയിലെ തന്നെ ഏറ്റവും വലിയ പാർക്കുകളിലൊന്നായി ഇതിനെ മാറ്റിയെടുത്തത്. ചൈനയിലെ വിദഗ്ധ നിർമാണ കമ്പനിയുടെ മേൽനോട്ടത്തിലായിരുന്നു പാർക്കിെൻറ സംവിധാനങ്ങൾ ഒരുക്കിയിരുന്നത്. അതുകൊണ്ട് യാംബു നിവാസികളിലെ പലരും ഈ പാർക്കിനെ ‘ചൈന പാർക്ക്’ എന്നാണ് വിളിക്കുന്നത്. ഹരിതാഭമായ പ്രകൃതിദൃശ്യങ്ങളും തെളിമയാർന്ന കടൽകാഴ്ചകളും വിനോദത്തിനായി ഒരുക്കിയ വൈവിധ്യമാർന്ന സംവിധാനങ്ങളും സന്ദർശകരെ ഉല്ലാസദായകമാക്കുന്നു. സായാഹ്നങ്ങളിൽ സ്വദേശികളും വിദേശികളും കുടുംബസമേതവും അല്ലാതെയും പ്രകൃതിരമണീയമായ ഉദ്യാനം ആസ്വദിക്കാൻ ഇവിടെ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.