ജിദ്ദ: ഇത്തവണത്തെ ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിലും തീർഥാടകർ കടന്നുപോകുന്ന സ്ഥലങ്ങളിലും കനത്ത സുരക്ഷയൊരുക്കുമെന്ന് സൗദി പൊതുസുരക്ഷ ഡെപ്യൂട്ടി ഡയറക്ടർ കേണൽ സാഇദ് അൽത്വവിയാൻ മക്കയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തീർഥാടകരുടെ താമസകേന്ദ്രങ്ങളിലും യാത്രക്കിടയിലും പഴുതടച്ച സുരക്ഷയൊരുക്കും. തീർഥാടകരുടെയും അവർക്ക് സേവനം നൽകുന്നവരുടെയും സുരക്ഷ കണക്കിലെടുത്തുള്ള ശക്തമായ നടപടി സ്വീകരിക്കും. ഹജ്ജ് അനുമതിപത്രമുള്ള, നിശ്ചിത എണ്ണം തീർഥാടകർക്ക് മാത്രമേ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശനമുണ്ടാകൂ. മക്കയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും അനുമതിപത്രത്തിനു വേണ്ടിയുള്ള കർശന പരിശോധനയുണ്ടാകും. ആവശ്യമാണെങ്കിൽ ചില ഭാഗങ്ങളും റോഡുകളും അടച്ചിടും.
ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. നുഴഞ്ഞുകയറ്റക്കാരെയും അനുമതി പത്രമില്ലാത്തവരെയും പിടികൂടാൻ സുരക്ഷസംഘം രംഗത്തുണ്ടാകും. നിയമലംഘകരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ഇത്തവണ ഹജ്ജിന് നിശ്ചയിച്ച എണ്ണം സംബന്ധിച്ച നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും പൊതുസുരക്ഷ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. വ്യാജ ഹജ്ജ് സ്ഥാപനങ്ങളെയും വ്യക്തികളെയും കരുതിയിരിക്കണം. ഹജ്ജ് ട്രിപ്പുകളുണ്ടെന്ന് പറഞ്ഞു പലരും രംഗത്തുവരും. ഇത്തവണ ഹജ്ജ് (ഹംല) ട്രിപ്പുകൾക്ക് അനുമതിയില്ല. ഹജ്ജ് അനുമതിപത്രം ലംഘിക്കുന്ന വിദേശികളെ ശിക്ഷാനടപടികൾക്കുശേഷം സ്വദേശങ്ങളിലേക്ക് നാടുകടത്തും. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനും പുണ്യസ്ഥലങ്ങളിലും പ്രവേശന കവാടങ്ങൾ ഒരുക്കും.
തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് ആരോഗ്യ രംഗത്ത് നിരവധി നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതു നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കും. പുണ്യസ്ഥലങ്ങളിൽ മുഴുവൻ തീർഥാടകർക്കിടയിൽ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ നടപ്പാക്കും. ത്വവാഫ്, സഅ്യ്, അറഫയിലെ നിർത്തം തുടങ്ങിയ ചടങ്ങുകൾക്കിടയിൽ ആരോഗ്യസുരക്ഷ മുൻകരുതൽ നടപ്പാക്കുന്നതിനും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കാൻ പദ്ധതികളുണ്ട്. നിയമലംഘകരുടെ വിരലടയാളം രേഖപ്പെടുത്തുക, അനുമതി പത്രമില്ലാത്തവർക്ക് വാഹന സൗകര്യമേർപ്പെടുത്തുന്നവർക്ക് പിഴ തുടങ്ങിയ ഹജ്ജ് നിയമലംഘനവുമായി ബന്ധപ്പെട്ട നേരത്തേയുള്ള ശിക്ഷാനടപടികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇൗ വർഷം തീരുമാനിച്ച പുതിയ ശിക്ഷാനടപടികൾ മുമ്പുള്ളതിലേക്ക് ചേർക്കുമെന്നും പൊതുസുരക്ഷ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.