സുഡാനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ സൗദി നടപടി തുടങ്ങി; സുഹൃദ് രാജ്യങ്ങളുടെ പൗരന്മാരെയും ഒഴിപ്പിക്കും

റിയാദ്: ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനിൽ നിന്ന് പൗരൻമാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാൻ സൗദി അറേബ്യ ക്രമീകരണങ്ങൾ തുടങ്ങി.സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്നാണ് നടപടി. സഹോദര,സുഹൃദ് രാജ്യങ്ങളുടെയും പൗരന്മാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.

സുഡാൻ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെയും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് കമാൻഡർ മുഹമ്മദ് ഹംദാൻ ദാഗ്ലോയുടെയും സേനകൾ തമ്മിൽ കഴിഞ്ഞയാഴ്ച പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ 400-ലധികം ഇതിനകം പേർ കൊല്ലപ്പെട്ടിരുന്നു. സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ ഖാർത്തൂമിൽ നിന്ന് സുഡാൻ തുറമുഖത്തേക്ക് ഇതിനകം മാറ്റിയതായി സുഡാൻ സൈന്യത്തെ ഉദ്ധരിച്ച് ചില അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർദാനിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെയും ഇതേ റൂട്ട് വഴി പിന്നീട് ഒഴിപ്പിക്കുന്നുണ്ട്.

അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തെ തുടർന്ന് ഈദുൽ ഫിത്റിനോടാനുബന്ധിച്ച് മൂന്ന് ദിവസത്തെ വെടിനിർത്തൽ ഇരുവിഭാഗവും പ്രഖ്യാപിച്ചിരുന്നെങ്കിലും വെള്ളിയാഴ്ചയും ഇടവിട്ട് ഷെല്ലാക്രമണങ്ങൾ നടന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐക്യരാഷ്ട്രസഭയും, യു.എസ്, യു.കെ, ജപ്പാൻ, സ്വിറ്റ്സർലൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് അറിയിച്ചു.

ഇതിനിടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സൗദിയുമായും യു.എ.ഇ യുമായും ബന്ധപ്പെടുന്നുണ്ട്.ആഭ്യന്തര കലാപത്തില്‍ നിരവധി മലയാളികളും ഒറ്റപ്പെട്ടു പോയതായി വിവരമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് ദില്ലിയിലെ കേരളഹൗസില്‍ തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Saudi started to evacuate those trapped in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.