റിയാദ്: യാര ഇന്റർനാഷനൽ സ്കൂളിൽ ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടന്ന പ്രദർശനമേളയിൽ ജ്യോതിശാസ്ത്രവും ബഹിരാകാശവും, ബയോ ടെക്നോളജി, ജിയോഫിസിക്സ്, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾ നിശ്ചലവും പ്രവർത്തിക്കുന്നതുമായ മോഡലുകൾ അവതരിപ്പിച്ചു.
മുഖ്യാതിഥികളായ ബിസിനസ് സ്ട്രാറ്റജിസ്റ്റ് ഇബ്രാഹിം സുബ്ഹാൻ, അധ്യാപകരായ അർഷിയ തസ്നീം, അനീഷ് ഗോപി, ലക്ഷ്മി എന്നിവർ പ്രദർശന മത്സരത്തിലെ വിധികർത്താക്കളായി.
ഹൈബ്രിഡ് എനർജി സിസ്റ്റം, ഹൈഡ്രോളിക് ബ്രിഡ്ജ്, എലിവേറ്ററുകളുടെ പ്രവർത്തന മാതൃകകൾ, ബാർട്ടന്റെ പെൻഡുലം, ഫ്ലോ ആൻഡ് ഡ്രെയിൻ സിസ്റ്റം എന്നിവയെല്ലാം സന്ദർശകരെ ആകർഷിച്ചു. ജൂനിയർ വർക്കിങ് മോഡൽ വിഭാഗത്തിൽ നഹില മുഹമ്മദ് റാഫി, സരയു കൃഷ്ണ, നെസ്രിൻ ഷൈജു എന്നീ വിദ്യാർഥികൾ ഒരുക്കിയ സെൻസർ അധിഷ്ഠിത ഗ്യാസ് ലീക്കേജ് ഡിറ്റക്ഷൻ സിസ്റ്റത്തിന് ഒന്നാം സമ്മാനം ലഭിച്ചു.
ഇതോടൊപ്പം സിറാജുൽ ഹസ്സൻ സെയ്ദ്, മിർസ ഇഷാഖ് ബെയ്ഗ് എന്നിവർ നിർമിച്ച വൈദ്യുതികാന്തിക ക്രെയിനും അംഗീകാരം ലഭിച്ചു.
സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഹമദ്, റഹാൻ, അഭ്യാൻ എന്നിവർ ഒരുക്കിയ മലിനീകരണ പ്രതിരോധ മോഡലിന് ഒന്നാം സമ്മാനം ലഭിച്ചു. ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറും ഡി.എൻ.എ മോഡലും രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ മലിനീകരണം ചിത്രീകരിക്കുന്ന മോഡൽ മൂന്നാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ വർക്കിങ് മോഡലുകൾക്കുള്ള ഒന്നാം സമ്മാനം റൊണാഖ് പാഷ, ജിൽഷാദ് സുബൈർ, അബാൻ മുനിസ് എന്നിവരുടെ മയക്കുന്ന പെൻഡുലം വേവ് എന്ന ഭൗതികശാസ്ത്ര പ്രകടനത്തിന് ലഭിച്ചു.
റിഹാബ് റാഷിദ് സയ്യിദ്, സൈന സയ്യിദ്, റിദാ ഷഹാൻ എന്നിവരുടെ അത്യാധുനിക സ്മാർട്ട് ഡസ്റ്റ് ബിന്നിനും ബഹുമതി ലഭിച്ചു. സിഗ്നൽ ജാമറും റിവർ ക്ലീനിങ് മോഡലുകളും രണ്ടാം സ്ഥാനവും ലെഡ് ക്യൂബ് മൂന്നാം സ്ഥാനവും നേടി.
സ്റ്റിൽ മോഡൽ വിഭാഗത്തിൽ ബി. ഹർഷിനി, അൽഫിയ സ്വാലിഹ, ഗംഗ ജയകൃഷ്ണൻ എന്നിവരുടെ ‘ഫെറ്റസ് ഗ്രോത്ത്’ മോഡലാണ് മികച്ച എൻട്രിയായി പ്രഖ്യാപിക്കപ്പെട്ടത്. മൈറ്റോട്ടിക് ഡിവിഷൻ മോഡൽ രണ്ടാം സ്ഥാനത്തും സസ്യ, മൃഗകോശ മോഡൽ മികച്ച എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടു. ബാർട്ടെൻറ പെൻഡുലം മൂന്നാം സ്ഥാനം നേടി.
ജൂനിയർ വിഭാഗത്തിലെ റൈസിങ് സയന്റിസ്റ്റിനുള്ള ഡോ. എ.പി.ജെ. അബ്ദുൽകലാം പുരസ്കാരം വിൽവിൻ ജോസ് നിശാന്തിെൻറ ഹൈബ്രിഡ് എനർജി സിസ്റ്റത്തിന് ലഭിച്ചു. സീനിയർ വിഭാഗത്തിൽ നൂതനമായ ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റത്തിന് സുമയ്യ ഖാത്തൂൻ ഒന്നാം സ്ഥാനവും റൈസിങ് സയന്റിസ്റ്റ് അവാർഡ് സോഹ അൻവറും കരസ്ഥമാക്കി. ശാസ്ത്ര പ്രദർശനത്തിൽ സർഗാത്മക പങ്കാളിത്തം വഹിച്ച കുട്ടികളെ പ്രിൻസിപ്പൽ ആസിമ സലിം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.