ജിദ്ദ: റമദാനിലെ അവസാന പത്തിൽ ഹറമിലെത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷക്ക് സർവസജ്ജമെന്ന് ഉംറ സുരക്ഷാസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി. മക്കയിലെ സെക്യൂരിറ്റി ഫോഴ്സ് ഓഫിസേഴ്സ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രതീക്ഷിക്കുന്ന വലിയ തിരക്ക് നേരിടാൻ സേന തയാറാണ്. പൊതുഗതാഗത ബസ്സ്റ്റേഷനുകൾ കാര്യക്ഷമതയോടെയാണ് പ്രവർത്തിക്കുന്നത്. പ്രവേശന കവാടങ്ങളിൽനിന്നും മക്കക്കുള്ളിലെ പ്രധാന സ്റ്റേഷനുകളിൽനിന്നും ഹറമിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുന്ന ട്രാഫിക് പ്ലാനിനെ മേജർ ജനറൽ പ്രശംസിച്ചു.
റമദാൻ ആദ്യം മുതൽ ഹറമിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഉയർന്ന സുരക്ഷ സംവിധാനങ്ങളാണ് ഹറമിൽ നടപ്പാക്കിയത്. മത്വാഫിലും താഴെനിലയിലും തിരക്കേറുന്നതിനനുസരിച്ച് തീർഥാടകരെ ഒന്നാം നിലയിലേക്കും മേൽത്തട്ടിലേക്കും തിരിച്ചുവിട്ടു. കൂടുതൽ കവാടങ്ങൾ തുറന്നു സഞ്ചാരം വ്യവസ്ഥാപിതമാക്കി. അവസാന പത്തിലെ തിരക്ക് മുൻകൂട്ടി കണ്ടാണ് ഹറമിന്റെ ഏറ്റവും മുകളിലെ ഭാഗം അടുത്തിടെ തുറന്നുകൊടുത്തത്.
ഇരുഹറം കാര്യാലയവും ധനമന്ത്രാലയത്തിലെ പദ്ധതി വകുപ്പുമായും ഏകോപനമുണ്ടെന്നും മേജർ ജനറൽ പറഞ്ഞു. ഭിക്ഷാടനമടക്കം ഹറമിന്റെ പവിത്രതക്ക് കളങ്കമേൽപിക്കുന്ന പ്രവർത്തനത്തിലേർപ്പെടുന്നവരെ പിടികൂടാൻ നിരീക്ഷണം തുടരുന്നുണ്ട്. ഉംറ കമ്പനികൾ സുരക്ഷാവകുപ്പുമായി സഹകരിക്കണം. ഉംറക്ക് നിശ്ചയിച്ചിരിക്കുന്ന സമയം പാലിക്കാൻ തങ്ങൾക്ക് കീഴിലെ തീർഥാടകരോട് ആവശ്യപ്പെടണമെന്നും മേജർ ജനറൽ പറഞ്ഞു.
അവസാന പത്തിലെ തിരക്ക് കുറക്കാൻ ഹറമിലേക്കും തിരിച്ചുമുള്ള ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഉംറ സുരക്ഷ സേന ട്രാഫിക് സുരക്ഷ വിഭാഗം അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ സൽമാൻ അൽജുമയ്ഇ പറഞ്ഞു. മക്കക്കുള്ളിൽ കൂടുതൽ ചെക്ക് പോയൻറുകൾ ഏർപ്പെടുത്തും. ഹറമിനടുത്ത് വാഹനങ്ങൾക്കും കാൽനടക്കാർക്കും പ്രത്യേക പാതകൾ നിശ്ചയിക്കും. റമദാൻ ആദ്യഘട്ട പദ്ധതിയിൽ അപകടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും രണ്ടാംഘട്ട പദ്ധതി ആരംഭിച്ചെന്നും അവസാന പത്തും പെരുന്നാൾ ദിവസങ്ങളും അതിലുൾപ്പെടുമെന്നും മക്ക സിവിൽ ഡിഫൻസ് മേധാവി മേജർ ജനറൽ അലി ബിൻ അബ്ദുല്ല അൽഖർനി പറഞ്ഞു. അപകട സാഹചര്യമൊഴിവാക്കാൻ സുരക്ഷ നിരീക്ഷണവും പരിശോധനയും തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.