അൽഖോബാർ : സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ കടുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പു നൽകി. മദീന, മക്ക, ജിദ്ദ, അബഹ, നജ്റാൻ മേഖലകളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും മിതമായതോ കനത്തതോ ആയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിൽ രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സുരക്ഷാ നിർദേശങ്ങളും കാലാവസ്ഥാ മുന്നറിയിപ്പും നൽകിക്കഴിഞ്ഞു.
അസീർ, ബഹ, മക്ക, മദീന, ജസാൻ, ഖാസിം, ജൗഫ്, ഹായിൽ, തബൂക്ക്, വടക്കൻ അതിർത്തികൾ, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയെ ബാധിക്കാവുന്ന മേഖലകൾ ഉൾപ്പെടുന്നു. മുൻകരുതലുകൾ എടുക്കാനും കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ വീടിനുള്ളിൽ തന്നെ തുടരാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ ആഴ്ച കൊടുങ്കാറ്റും വെള്ളപ്പൊക്കവുമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പു
നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച ജിദ്ദ, മക്ക, മദീന മേഖലകളിലെ സ്കൂളുകൾ മദ്രസ തി റിമോട്ട് ലേണിംങ്ങ് പ്ലാറ്റ്ഫോം വഴി ഓൺലൈൻ ക്ലാസുകളിലേക്ക് മാറി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, ജിദ്ദ യൂനിവേഴ്സിറ്റി, ത്വാഇഫ് യൂനിവേഴ്സിറ്റി, മക്കയിലെ ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റി എന്നിവ തിങ്കളാഴ്ച അടച്ചിടുകയും ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു. മദീനയിലെ തൈബ സർവകലാശാലയും ജിദ്ദയിലെ സൗദി ഇലക്ട്രോണിക് യൂനിവേഴ്സിറ്റിയുടെ ശാഖയും തിങ്കളാഴ്ച വ്യക്തിഗത ക്ലാസുകൾ നിർത്തിവച്ച് വിദൂര പഠനത്തിലേക്കു മാറി. ജിദ്ദ മുനിസിപ്പാലിറ്റി കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടാൻ ഒരു ഫീൽഡ് പ്ലാൻ നടപ്പിലാക്കി. ജാഗ്രത കാണിക്കാനും വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും താമസക്കാരോട് അഭ്യർത്ഥിച്ചു.
മഴക്കെടുതിക്ക് മുന്നോടിയായി നോർത്തേൺ ബോർഡർ റീജിയണിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ഡയറക്ടർ ബന്ദർ ബിൻ സാലിഹ് അൽ-ഹാദിയ അറാറിലെ ഡാം സുരക്ഷ പരിശോധിച്ചു.റിയാദ് മേഖലയിലും ഞായറാഴ്ച രാത്രി ശക്തമായ മണൽക്കാറ്റും ശക്തമായ കാറ്റും ഉണ്ടായി. തിങ്കളാഴ്ച തലസ്ഥാനം ഉൾപ്പെടെ റിയാദ് മേഖലയിലെ ചില ഭാഗങ്ങളിലും അൽ അഫ്ലാജ്, അൽ സുലൈൽ, വാദി അൽ ദവാസിർ ഗവർണറേറ്റുകളിലും പൊടിക്കാറ്റിന് വേണ്ടി എൻ.സി.എം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.