ഷം​ലി ഫൈ​സ​ൽ താ​ൻ വ​ര​ച്ച ചി​ത്രം മ​ഞ്ജു വാ​ര്യ​ർ​ക്ക്​ കൈ​മാ​റു​ന്നു

'ആയിഷ'യെ വരച്ച് താരമായി ഷംലി ഫൈസൽ; വിസ്മയംകൂറി മഞ്ജു വാര്യർ

ദമ്മാം: ചിത്രംവര പ്രാണവായുപോലെയായ വയനാട് വെള്ളമുണ്ട സ്വദേശി ഷംലി ഫൈസലിന് അപൂർവമായ ഒരു അനുഭവമാണ് കിട്ടിയത്. ദമ്മാമിലെ ഷിറാ ലുലു മാളിൽ തിങ്ങിക്കൂടിയ ആയിരങ്ങളെ സാക്ഷിനിർത്തി മലയാളത്തിന്‍റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഷംലിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു, 'ഈ ചിത്രം എന്നെ വിസ്മയിപ്പിക്കുന്നു. ഇത് ഞാനെന്‍റെ കിടപ്പുമുറിയിൽ ഒത്തിരി സ്നേഹത്തോടെ സൂക്ഷിക്കും'.മഞ്ജു നായികയായ 'ആയിഷ' എന്ന സിനിമയുടെ പ്രചാരണത്തിനായി ദമ്മാമിൽ എത്തിയപ്പോഴാണ് ഷംലി അതിലെ നായികാപാത്രത്തിന്റെ വർണനിറമുള്ള പാവാടയും കടുത്ത ചുവപ്പിലെ കുപ്പായവും മുക്കുത്തിയുമണിഞ്ഞ് നൃത്തം ചെയ്യുന്ന ചിത്രം അതുപോലെ പകർത്തിയത്.

വേദിയിലേക്ക് ഷംലിയെ ക്ഷണിക്കുമ്പോഴും വർണക്കടലാസിൽ പൊതിഞ്ഞിരിക്കുന്ന ചിത്രം പുറത്തെടുക്കുമ്പോഴും ഇത്രയും തന്മയത്വമുള്ള ഒരു അത്ഭുതം കാത്തിരിക്കുന്നുവെന്ന് മഞ്ജുവോ, കാണികളോ കരുതിയില്ല. അത്രയേറെ ചാരുതയോടെയാണ് അതിലെ ഓരോ വരയും ഷംലി ചേർത്തുവെച്ചത്.ചെറുപ്പത്തിൽതന്നെ ചിത്രം വരക്കാൻ തുടങ്ങിയ ഷംലി സ്കൂളിലും കോളജിലുമൊക്കെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. ഇടക്ക് നിലച്ചുപോയ ചിത്രംവര പ്രവാസത്തിലെ ഏകാന്തതയിൽനിന്നാണ് പുനർജനിച്ചത്. 13 വർഷം മുമ്പാണ് ഷംലി ദമ്മാമിലെത്തിയത്. ഭർത്താവ് ജോലിക്കും മക്കൾ പള്ളിക്കൂടത്തിലും പോയിക്കഴിഞ്ഞാൽ പിന്നെയുള്ള ഏകാന്തത എങ്ങനെ മറികടക്കുമെന്ന ചിന്തയിൽ നിന്നാണ് ഷംലി വീണ്ടും വരച്ചുതുടങ്ങിയത്.

പോർട്രയറ്റുകളാണ് ഷംലി അധികവും വരച്ചത്. തനിക്ക് ചുറ്റുമുള്ള പ്രശസ്തരെയെല്ലാം ഷംലി കാൻവാസിൽ വരഞ്ഞിട്ടു.സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെയും മറ്റു ഭരണാധികാരികളെയും ഷംലി വരച്ചത് ജീവൻ തുടിക്കുന്നതുപോലുള്ള ഛായാചിത്രങ്ങളായാണ്. മമ്മൂട്ടിയെ വരച്ച് അയച്ചുകൊടുത്തപ്പോൾ അദ്ദേഹം അഭിനന്ദനക്കുറിപ്പയച്ചത് ഏറെ പ്രോത്സാഹനമായി.മലയാളി താരങ്ങളായ ടൊവിനോ, പേളി മാണി, ദിലീപുമൊക്കെ ഷംലി വരച്ച ചിത്രങ്ങൾ ആഹ്ലാദത്തോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയുടെ അഭിനയചക്രവർത്തി കമൽഹാസനും തന്റെ ചിത്രം കണ്ട് വിസ്മയിച്ചു.ടിക്ടോക്കിലും ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഷംലി വരക്കുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ഫോളോവർമാർ. ലക്ഷത്തിന് മുകളിലാണ് പിന്തുടരുന്നവരുടെ എണ്ണം. ഇൻസ്റ്റയിൽ ഒന്നേമുക്കാൽ ലക്ഷത്തിനടുത്താണ് ഫോളാവേഴ്സ്.ഇനി സ്വന്തമായി ഒരു പ്രദർശനം നടത്താനുള്ള ഒരുക്കത്തിലാണ് ഷംലിയിപ്പോൾ. ദമ്മാമിലെ ഒട്ടുമിക്ക സംഘടനകളും ഷംലിയെ ഒരു സെലിബ്രിറ്റിയായി സ്വീകരിച്ചു കഴിഞ്ഞു.കേവലം ചിത്രങ്ങൾക്കപ്പുറം അതിന്റെ തന്മയത്വംതന്നെയാണ് മറ്റുള്ളവരിൽനിന്ന് ഈ ചിത്രകാരിയെ വേറിട്ടതാക്കുന്നത്. ഐ.ടി എൻജിനീയറായ ഫൈസലാണ് ഭർത്താവ്.

Tags:    
News Summary - Shamli Faisal drew Ayisha and became a star; Manju Warrier with wonder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.