ജിദ്ദ: കുറച്ചു ദിവസമായി സൗദി പ്രവാസികൾക്കിടയിലും നാട്ടിലും വ്യാപകമായി പ്രചരിക്കുന്ന ചോദ്യമാണ്, ജിദ്ദയിലെ മലയാളി സംഗമകേന്ദ്രമായ ശറഫിയ്യയിൽ സംഭവിക്കുന്നതെന്ത് എന്നത്.
സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നപോലുള്ള പ്രശ്നങ്ങളൊന്നും ശറഫിയ്യയിൽ ഇല്ല. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കെട്ടിടസുരക്ഷ ഉറപ്പാക്കാനും പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്താനും നഗര സൗന്ദര്യവത്കരണത്തിനും കൈയേറ്റം ഒഴിപ്പിക്കാനുമായി അതത് മേഖലകളിലെ നഗരസഭകൾ നടപ്പാക്കുന്ന നവീകരണം ശറഫിയ്യയിലുമുണ്ട്.
ഇതിെൻറ മുന്നോടിയായി ശറഫിയ്യയിലെ നിരവധി പഴയ കെട്ടിടങ്ങൾ ജിദ്ദ നഗരസഭ പൊളിച്ചു. നിലനിർത്തിയ കെട്ടിടങ്ങളിൽ പലതിലും അനധികൃതമായി കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഭാഗങ്ങൾ പൊളിച്ചുമാറ്റി നിയമപരമായി നഗരസഭ രേഖകളിൽ കാണിച്ചപ്രകാരമുള്ള രീതിയിലേക്ക് മാറ്റാൻ കെട്ടിട ഉടമസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടയുടമകൾ ഏച്ചുകെട്ടലുകൾ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.
ഇത്തരം കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവർക്കും നഗരസഭ നിർദേശം നൽകി.
കച്ചവടകേന്ദ്രങ്ങളുടെ പഴയ നെയിംബോർഡുകൾ മാറ്റി പുതിയ ഏകോപിത രീതിയിലുള്ളവ സ്ഥാപിക്കാൻ നഗരസഭ മുമ്പ് മുഴുവൻ കച്ചവടക്കാരോടും ആവശ്യപ്പെട്ടിരുന്നു.
അതനുസരിച്ച് കടകളുടെ ബോർഡുകൾ മാറ്റുന്നതിനിടയിൽ കഴിഞ്ഞദിവസം പുതിയൊരു നിബന്ധനകൂടി ഏർപ്പെടുത്തി. കടകളുടെ മുൻഭാഗത്ത് പുറത്തേക്ക് തള്ളിയ നെയിം ബോർഡുകൾ പാടില്ല. പകരം കടയുടെ ചുമരിനോടു ചേർന്ന് പതിഞ്ഞുനിൽക്കുന്ന രൂപത്തിൽ മാത്രം സ്ഥാപിക്കുകയോ നിലനിർത്തുകയോ വേണമെന്നാണ് ആവശ്യപ്പെട്ടത്. അതോടൊപ്പം നിലവിൽ കടകളുടെ അകത്തെ ഗ്ലാസ് മറകൾ ഇനി ഷട്ടറുകൾക്ക് പുറത്തും ഷട്ടറുകൾ ഗ്ലാസ് മറക്ക് അകത്തേക്കും മാറ്റിസ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ഈ മാറ്റങ്ങൾ വരുത്തിയശേഷമേ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദമുള്ളൂ. ഈ കാരണങ്ങളാൽ ഈയടുത്ത ദിവസങ്ങളിൽ ശറഫിയ്യയിലെ ഏതാണ്ടെല്ലാ കടകളും അടഞ്ഞുകിടക്കുകയാണ്.
ഇതിെൻറ ചുവടുപിടിച്ചും തെറ്റായ പ്രചാരണമുണ്ടായി. എന്നാൽ, പുതിയ പരിഷ്കരങ്ങൾ നടപ്പാക്കാനുള്ള ധിറുതിപിടിച്ചുള്ള അറ്റകുറ്റപ്പണികളാണ് പ്രദേശത്തെങ്ങും നടക്കുന്നത്.
ഇതോടൊപ്പംതന്നെ കച്ചവടകേന്ദ്രങ്ങൾക്കു സമീപത്തും മറ്റുമായി വാഹനം പാർക്കിങ്ങിന് പ്രത്യേക സൗകര്യങ്ങളും നഗരസഭ ഒരുക്കും.
അതേസമയം, അധികൃതരിൽനിന്നും മാറിമാറിവരുന്ന നിർദേശം നടപ്പാക്കാൻ പ്രദേശത്തെ കെട്ടിടയുടമകൾക്കും കച്ചവടക്കാർക്കും ചില പ്രയാസങ്ങളും വൻ സാമ്പത്തികബാധ്യതയും ഉണ്ടാവുമെന്നുള്ളത് യാഥാർഥ്യമാണ്.
എന്നാൽ, പുതിയ നവീകരണ നടപടി പൂർത്തിയാകുന്നതോടെ ശറഫിയ്യയുടെ മുഖച്ഛായ മാറുമെന്നും പ്രദേശത്തെ വിപണി ഉണർവിന് സഹായകരമാവുമെന്നുമാണ് പൊതുവിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.