ഷിബാറ റിസോർട്ട്
റിയാദ്: ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങൾ എന്ന പട്ടികയിൽ റെഡ് സീ ഇന്റർനാഷനലിന്റെ ഉടമസ്ഥതയിലുള്ള ഷിബാറ റിസോർട്ടും. ‘ടൈം’ മാഗസിൻ തയാറാക്കിയ പട്ടികയാണിത്.
ഇത് ആഡംബരവും സുസ്ഥിരതയും ആകർഷകമായ പ്രകൃതി സൗന്ദര്യവും സമന്വയിപ്പിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയിൽ റിസോർട്ടിന്റെ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നു. റിസോർട്ടിന്റെ അതിശയകരമായ ഭാവി രൂപകൽപനയെ മാഗസിൻ പ്രശംസിച്ചു.
ചെങ്കടൽ ലക്ഷ്യസ്ഥാനത്ത് നിരവധി റിസോർട്ടുകൾ തുറന്നിട്ടുണ്ടെങ്കിലും 2025-ലെ ലോകത്തിലെ ഏറ്റവും മികച്ചവയുടെ പട്ടികയിൽ ഒരു പ്രത്യേക സ്ഥാനം നേടിക്കൊണ്ട് ഷിബാറ റിസോർട്ട് അതിന്റെ അതുല്യവും സൗന്ദര്യാത്മകവുമായ രൂപകൽപന കൊണ്ട് വേറിട്ടുനിൽക്കുന്നുവെന്ന് ടൈം മാഗസിൻ പറഞ്ഞു. ‘ചെങ്കടൽ’ ലക്ഷ്യസ്ഥാനത്തെ റിസോർട്ടുകളിൽ ഒന്നാണ് ഷിബാറ.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മുത്തുമാലയുടെ രൂപത്തിൽ നിർമിച്ച ഫ്ലോട്ടിങ് വില്ലകൾ ഉൾപ്പെടുന്ന നൂതനമായ വാസ്തുവിദ്യാ രൂപകൽപനയാണ് ഇതിന്റെ സവിശേഷത.
ചുറ്റുമുള്ള സമ്പന്നമായ സമുദ്രപരിസ്ഥിതിയെ സംരക്ഷിക്കുന്ന സുസ്ഥിര സമ്പ്രദായങ്ങളോടുള്ള പ്രതിബദ്ധത പുലർത്തുന്നതാണ് ഇതിന്റെ നിർമാണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് പ്രകൃതിസൗന്ദര്യത്തെ ആഘോഷിക്കുന്ന ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഇത് അതിന്റെ സ്ഥാനം വർധിപ്പിക്കുന്നു. റിസോർട്ടിന്റെ വാസ്തുവിദ്യാഘടന പ്രകൃതി പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നതാണ്.
വൃത്താകൃതിയിലുള്ള രൂപങ്ങളും ചക്രവാളങ്ങളും സംയോജിപ്പിച്ച് അവയുടെ പ്രതലങ്ങളിൽ പ്രകാശം പ്രതിഫലിപ്പിക്കുന്ന ശൈലിയിലാണ് സ്റ്റെയിൻലസ് സ്റ്റീൽ വില്ലകൾ രൂപകൽപന ചെയ്തിരിക്കുന്നത്.തീരത്തുനിന്ന് 25 കിലോമീറ്റർ അകലെയാണ് റിസോർട്ട് സ്ഥിതിചെയ്യുന്നത്.
30, 40 മിനിറ്റ് ക്രൂയിസ് വഴിയോ ചെങ്കടൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 30 മിനിറ്റ് വിമാനത്തിലോ സീപ്ലെയിൻ വഴിയോ എത്തിച്ചേരാം. 76 വില്ലകൾ, ഫ്ലോട്ടിങ് വില്ലകൾ, ഹെൽത്ത് ക്ലബുകൾ, ഡൈവിങ് സെന്റർ, റസ്റ്റാറൻറുകൾ, വിനോദകേന്ദ്രം, സോളാർ എനർജി കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നതാണ്.
പ്രകൃതിയുടെ ഹൃദയഭാഗത്ത് അസാധാരണമായ അനുഭവം തേടുന്നവർക്ക് അനുയോജ്യമായ ശാന്തവും ഏകാന്തവുമായ അന്തരീക്ഷം റിസോർട്ട് പ്രദാനം ചെയ്യുന്നു. വർഷം മുഴുവനും മിതമായ കാലാവസ്ഥയാണ്. ഫ്ലോട്ടിങ് വില്ലകളും ബീച്ച് വില്ലകളും ടർക്കോയ്സ് കടൽ ജലത്തെ അലങ്കരിക്കുന്നു.
പ്രസിദ്ധമായ ഊഷ്മളതയുടെയും ആതിഥ്യമര്യാദയുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന അതുല്യമായ അനുഭവങ്ങൾ സന്ദർശകർക്ക് നൽകിക്കൊണ്ട് ആധികാരിക സൗദി ആതിഥ്യമര്യാദയും പ്രകടമാക്കുന്നതാണ് ഷിബാറ റിസോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.