റിയാദ്: സൗദി വിനോദ സഞ്ചാര മേഖലക്ക് മുതൽകൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നിയോം നഗരത്തിലെ ആദ്യ ദ്വീപ് പദ്ധതി കിരീടാവകാശിയും പ്രധാനമന്ത്രിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് സൽമാൻ പ്രഖ്യാപിച്ചു. ചെങ്കടലിലേക്കുള്ള പ്രധാന കവാടമായ 'സിന്ദാല' ദ്വീപിനെയാണ് ആഡംബര സൗകര്യങ്ങളോടെ അണിയിച്ചൊരുക്കുക. നിയോമിലെ സ്വപ്ന സമാന ടൂറിസത്തിന് വേണ്ടി മുന്നിൽ കാണുന്ന ഒരു കൂട്ടം ദ്വീപുകളിലൊന്നാണ് 8,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിച്ചെടുക്കുന്ന സിന്ദാല. 2024ന്‍റെ തുടക്കത്തിൽ തന്നെ സിന്ദാല അതിഥികളെ സ്വീകരിച്ചുതുടങ്ങുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അനുപമമായ നാവിക അനുഭവങ്ങൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്ന സിന്ദാല അന്താരാഷ്ട്ര നിലവാരത്തിലുള്ള നൗകകളുടെയും ഉല്ലാസ കപ്പലുകളുടെയും കേളീ രംഗമായി മാറും. 3500 തൊഴിലവസരങ്ങളാണ് ദ്വീപിൽ സൃഷ്ടിക്കപ്പെടുക. 'നിയോമിനെ സംബന്ധിച്ച് ഇതൊരു സുപ്രധാന നിമിഷമാണ്. 'വിഷൻ 2030'-ന്റെ വിനോദ സഞ്ചാര ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിലെ ആദ്യത്തേതും ഒപ്പം തന്നെ സുപ്രധാനവുമായ ചുവടുവെപ്പാണിത്. നിയോം പദ്ധതിയുമായി ബന്ധപ്പെട്ട ചെങ്കടലിലെ ആദ്യത്തെ ആഢംബര ദ്വീപും നാവിക ക്ലബും ആയിരിക്കും സിന്ദാല. പദ്ധതി പൂർത്തീകരണത്തോടെ ചെങ്കടൽ പ്രദേശത്തെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രമായിരിക്കുമിത്. വെള്ളത്തിന് മുകളിലും താഴെയുമായി ഭാവി ആഢംബര യാത്രയുടെ കേന്ദ്രമായി ഇത് മാറും' -പദ്ധതി പ്രഖ്യാപനത്തോടനുബന്ധിച്ച് കിരീടാവകാശി പറഞ്ഞു.
86 കപ്പലുകൾക്ക് നങ്കൂരമിടാൻ സിന്ദാല തീരത്ത് സൗകര്യമൊരുക്കും. 333 ആഢംബര പാർപ്പിട സമുച്ചയങ്ങൾക്ക് പുറമെ 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറികൾ സജ്ജമാക്കും. ആധുനിക ബീച്ച് ക്ലബുകൾ, മനോഹരമായ നാവിക ക്ലബുകൾ, 38 അതിവിശിഷ്ട ഭക്ഷണ കേന്ദ്രങ്ങൾ എന്നിവ പദ്ധതിയിലുണ്ട്. അവിശ്വസനീയമായ തീര അനുഭവങ്ങൾ, അത്യന്താധുനിക സമുദ്ര സൗകര്യങ്ങൾ, അതിമനോഹരമായ കടൽ തീരദൃശ്യങ്ങൾ എന്നിവ എന്നിവ കൊണ്ട് ലോകത്തെ അമ്പരപ്പിക്കും വിധമാണ് പദ്ധതിയുടെ രൂപ കൽപന. ലോകോത്തര വിനോദ സഞ്ചാര ഹോട്ടൽ ബ്രാൻഡുകളുമായി നിയോം കൈകോർക്കും. അദ്വിതീയമായ 70 ഗോൾഫ് കോഴ്‌സ് കേന്ദ്രങ്ങൾ സംവിധാനിക്കും.
നിയോം നഗരത്തിൽ മൊത്തത്തിലും അതിലെ 'ദി ലൈൻ' പാർപ്പിട പദ്ധതിയിലും അനുവർത്തിച്ച വിധം മനുഷ്യരാശിയുടെയും ഇതര ജീവജലങ്ങളുടെയും ആവാസ വ്യവസ്ഥക്കും പരിസ്ഥിതിക്കും ദോഷം വരാത്ത വിധമാണ് ദ്വീപിന്റെയും രൂപകൽപനയും നിർമാണവും പ്രവർത്തന പദ്ധതിയും എന്നത് ഏറെ ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.