ജുബൈൽ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജുബൈലിൽനിന്ന് ആറു സ്ഥാനാർഥികൾ കൂടി മത്സര രംഗത്ത്. എൽ.ഡി.എഫിൽ അഞ്ചും എസ്.ഡി.പി.ഐയിൽ ഒരാളുമാണ് മാറ്റുരക്കുന്നത്. ജുബൈൽ നിന്ന് സ്ഥാനാർഥിയായ മൂന്നുപേരെ കുറിച്ച് നേരത്തേ ഗൾഫ് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.പുതിയ ആറുപേർ കൂടിച്ചേരുമ്പോൾ ജുബൈൽ പ്രവാസികളായ സ്ഥാനാർഥികളുടെ ആകെ എണ്ണം ഒമ്പതായി. ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ കെ. ശ്രീകുമാർ, കാലടി പഞ്ചായത്ത് 13ാം വാർഡിൽ ഷിബിൻ ദാസ്, തേവലക്കര പഞ്ചായത്ത് ഒമ്പതാം വാർഡിൽ അൻസാർ കാസിംപിള്ള എന്നിവർ ഇടതുപക്ഷ സ്ഥാനാർഥികളായും കാലടി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ തോണ്ടലിൽ സജീർ, പുറ്റുമാനൂർ 11ാം വാർഡിൽ അഖിൽ കുഞ്ഞുകുഞ്ഞും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥികളായാണ് മത്സരിക്കുന്നത്.
തൃക്കടീരി പഞ്ചായത്ത് എട്ടാം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായാണ് അൻസാർ അഹമ്മദ് മത്സരിക്കുന്നത്. വിവേചനമില്ലാത്ത വികസനത്തിന്, അതിരുകളില്ലാത്ത സൗഹൃദം, മാറ്റുകൂട്ടുന്ന വികസനങ്ങൾ മാറ്റമില്ലാതെ തുടരട്ടെ, നാട്യങ്ങളില്ലാത്ത കൂട്ടുകാരൻ തുടങ്ങി വൈവിധ്യമാർന്ന തലക്കെട്ടുകൾ ഉയർത്തിയാണ് ജനവിധി തേടുന്നത്. മലപ്പുറം പാണ്ടിക്കാട് 13ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി അബൂബക്കർ പട്ടണത്ത്, കൊല്ലം നെടുമ്പന മലേവയൽ എട്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി എ.എസ്. സജാദ്, കൊല്ലം ജില്ലയിലെ പന്മന ഗ്രാമ പഞ്ചായത്ത് ചിറ്റൂർ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി നീതു അനുമോദുമാണ് മത്സര രംഗത്തുള്ള ജുബൈൽ പ്രവാസികളായ മറ്റു മൂന്നുപേർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.