ജിദ്ദ: 'വികസനത്തിനും മതമൈത്രിക്കും ഒരു വോട്ട്' മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണി സ്ഥാനാർഥികളുടെ കൂട്ടത്തിൽ ജിദ്ദ നവോദയ സാരഥികളായി ആറുപേർ മത്സര രംഗത്തുണ്ട്. നിലവിൽ ജിദ്ദ നവോദയ അംഗങ്ങളായവരും അതോടൊപ്പം നവോദയ അംഗങ്ങൾ ആയിരിക്കെ പ്രവാസം മതിയാക്കി നാട്ടിൽ പോയവരും ഇതിൽ ഉൾപ്പെടുന്നു.
നവോദയ പ്രവർത്തകരായ കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മുഹമ്മദ് കോയ പുതിയോട്ടിൽ, മലപ്പുറം ജില്ലയിലെ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ അരീക്കാട്ട് ബഷീർ എന്ന ബാവ, മങ്കട ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ബുഷൈറ കോയ എന്നിവർ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥികളായും മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നുഹ്മാൻ പാറമ്മൽ, കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ ലത്തീഫ് ക്വാറി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കെ.കെ. നൗഷാദ് എന്നിവർ നേരിട്ടുള്ള ഇടതുമുന്നണി സ്ഥാനാർഥികളുമായാണ് മത്സര രംഗത്തുള്ളത്. എല്ലാ സ്ഥാനാർഥികൾക്കും വിജയസാധ്യതയുണ്ടെന്ന് നവോദയ ജിദ്ദ ഭാരവാഹികൾ പറയുന്നു. മത്സരിക്കുന്ന നവോദയ അംഗങ്ങളെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ജിദ്ദയിൽ നവോദയ പ്രവർത്തകർ തുടക്കം കുറിച്ചിട്ടുണ്ട്.
രക്ഷാധികാരി വി.കെ. അബ്ദുൽ റഉൗഫ്, പ്രസിഡൻറ് ഷിബു തിരുവനന്തപുരം, സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഡിസംബർ മൂന്നിന് നവോദയ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം നടക്കും. സി.പി.എം സംസ്ഥന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ വെബിനാറിലൂടെ യോഗം ഉദ്ഘാടനം ചെയ്യും.
ലോക കേരളസഭ മാതൃകയിൽ പ്രവാസികൾക്ക് തങ്ങളുടെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമായി വർഷത്തിലൊരിക്കൽ നേരിട്ട് സംവദിക്കുന്നതിനുള്ള സംവിധാനം, പുനരധിവാസം എന്ന പ്രവാസികളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നുള്ള സംവിധാനം തുടങ്ങിയവ ഉൾപ്പെടുത്തുക വഴി ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പത്രികയിൽ പ്രവാസികൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളതെന്ന് നവോദയ ഭാരവാഹികൾ പറഞ്ഞു. കേരളത്തിെൻറ വികസനപ്രവർത്തങ്ങളെ തടയിടുന്നതിനായി ബി.ജെ.പിയുമായി ചേർന്ന് യു.ഡി.എഫ് ഗൂഢാലോചന നടത്തുകയാണെന്നും ഇതിനെതിരെയുള്ള വിധിയെഴുത്താകും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.