റിയാദ്: അധ്യാപികയായും സാമൂഹിക പ്രവർത്തകയായും റിയാദിലെ പ്രവാസികൾക്കിടയിൽ സുപരിചിതയായ അഡ്വ. റെജി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു. എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയായ റെജി, 20 വർഷമായി റിയാദിലെ റൗദയിലായിരുന്നു താമസം. അൽഹുദ ഇൻറർനാഷനൽ സ്കൂളിൽ ആറു വർഷവും എറിത്രീയ സ്കൂളിൽ എട്ടു വർഷവും ജോലിചെയ്തു.
ബി.എസ് സി, ബി.എഡ് ബിരുദത്തിനൊപ്പം നിയമജ്ഞകൂടിയാണ്. എറണാകുളം ഗവ. ലോ കോളജിൽ നിന്നാണ്. ആറു വർഷം പെരുമ്പാവൂർ ബാറിലെ സീനിയർ അഭിഭാഷകൻ ടി.എൻ. അരുൺകുമാറിന്റെ കീഴിൽ പ്രാക്ടിസ് ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പം കഴിയാനാണ് പ്രവാസത്തിലേക്ക് ജീവിതം പറിച്ചുനട്ടത്. എപ്പോഴും കർമനിരതയായിരിക്കുന്ന അഡ്വ. റെജി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് കൂടിയാണ്.
ജോലിക്കും വീട്ടുകാര്യങ്ങൾക്കുമിടയിൽ സാമൂഹിക പ്രവർത്തനവും അൽപസ്വൽപം കൃഷിയുമുണ്ട്. സമൃദ്ധമായി വിളയുന്ന അടുക്കളത്തോട്ടത്തിൽ മുരിങ്ങ, പാവക്ക, തക്കാളി, പച്ചമുളക്, ചീര, പയർ, വെണ്ട തുടങ്ങിയ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നു. ആഗസ്റ്റ് മുതൽ ജൂൺ വരെയാണ് സീസൺ. വിത്തിറക്കാനും വളം, വെള്ളം എന്നിവ കൃത്യമായി നൽകാനും സഹായികളായി ഭർത്താവ് സലീമും വില്ലയിലെ ശിവരാജനും അനീഷ് പുതുപ്പള്ളിയുമുണ്ട്.
നാം പരിശ്രമിക്കുകയാണെങ്കിൽ ആർക്കും വാസസ്ഥലങ്ങളിൽ പച്ചക്കറി സ്വന്തമായി വിളയിക്കാൻ കഴിയുമെന്ന് നീണ്ടവർഷങ്ങളുടെ അനുഭവത്തിൽ അവർ പറയുന്നു. നാട്ടിലെത്തിയാലും വീട്ടിലെ കൃഷിയിടത്തിൽ ഒരു കൈ നോക്കണമെന്നാണ് മനസ്സിൽ. അതോടൊപ്പം പ്രാക്ടിസ് തുടരണമെന്ന ആഗ്രഹവുമുണ്ട്. പ്രവാസത്തിൽ പ്രയാസവുമായി സമീപിക്കുന്നവരോട് അനുകമ്പയും അവ ദൂരീകരിക്കാനുള്ള ശ്രമവും റെജി നടത്താറുണ്ട്. സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തിയും പ്രവാസി വെൽഫെയറിന്റെ ആഭിമുഖ്യത്തിലും ആ ദൗത്യം പൂർത്തീകരിക്കും.
പ്രവാസലോകത്ത് വലിയൊരു വിഭാഗം ആളുകൾ സാമൂഹികശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്ന് റെജി പറഞ്ഞു. വനിതകൾ കൂടുതൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ പോലെയുള്ള പോസിറ്റിവായ കാര്യങ്ങൾക്ക് മുന്നോട്ടുവരണമെന്നും അവർ അഭിപ്രായപ്പെട്ടു. ഭർത്താവ് സലീം അൽ സെയ്ഫ് എൻജിനീയറിങ് കൺസ്ട്രക്ഷൻ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. റിയാദിൽ വിദ്യാർഥികളായിരുന്ന മക്കൾ റഹ്മാൻ, റിയാൻ എന്നിവർ കഴിഞ്ഞ അധ്യയന വർഷം മുതൽ നാട്ടിലാണ് പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.