റിയാദ്: ‘ഡിസ്കവർ യുവർ പാഷൻ, അൺലോക്ക് യുവർ പൊട്ടൻഷ്യൽ’ എന്ന പ്രമേയം ആസ്പദമാക്കി റിയാദിൽ വിദ്യാഭ്യാസവും വിനോദവും സമന്വയിപ്പിക്കുന്ന ഒരു അതുല്യമായ നവ്യാനുഭവം അവതരിപ്പിക്കുകയാണ് ‘സ്റ്റീം ഫെസ്റ്റിവൽ’. ശാസ്ത്രാധിഷ്ഠിത സംസ്കാരം ഭാവി തലമുറക്ക് പകർന്ന് നൽകി അവരെ പ്രോത്സാഹിപ്പിക്കുക, ആധുനിക നവീകരണത്തിനും സംരംഭകത്വത്തിനും പിന്തുണ നൽകുക, രാജ്യത്തിന്റെ ദേശീയ നേട്ടങ്ങളും ഉൽപന്നങ്ങളും അതിന്റെ വിജയഗാഥകളും പുതിയ തലമുറക്ക് മുമ്പിൽ അവതരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റിയാദ് ഗവർണറേറ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ, സാംസ്കാരിക, വ്യവസായിക മന്ത്രാലയങ്ങളുടെ സഹകരണത്തോടെ റിയാദിലെ കിങ് സൽമാൻ സയൻസ് ഒയാസിസിൽ ഫെസ്റ്റിവൽ നടക്കുന്നത്.
വിദ്യാർഥികൾക്ക് സർഗാത്മകതയുടെയും പുതുമയുടെയും ഒരു കൗതുക കാഴ്ചയാണ് ഫെസ്റ്റിവൽ നൽകുന്നത്. രസതന്ത്രത്തിന്റെയും പെട്രോകെമിക്കൽസിന്റെയും രഹസ്യങ്ങളെ കുറിച്ച് കൂടുതലറിയാനും ഭാവിതലമുറകളെ ഇതിനായി പ്രോത്സാഹിപ്പിക്കാനുമുതകുന്ന വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, എക്സിബിഷനുകൾ, തത്സമയ സയൻസ് ഷോകൾ തുടങ്ങി വിവിധ പരിപാടികളാണ് ഫെസ്റ്റിവലിനോടനുബന്ധിച്ച് അരങ്ങേറുന്നത്.
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കല, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ എല്ലാ പ്രായക്കാർക്കും വേണ്ടി രൂപകൽപന ചെയ്തിട്ടുള്ള വിവിധ പരിപാടികളും ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. റിയാദിലെ കിങ് അബ്ദുല്ല റോഡിലെ സയൻസ് ഒയാസിസിൽ ഈ മാസം രണ്ടിന് തുടക്കം കുറിച്ച ഫെസ്റ്റിവൽ 30ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.