റിയാദ്: 2026ലെ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന്റെ മൂന്നാം പതിപ്പിൽ പ്രതിരോധ, സുരക്ഷാ വ്യവസായത്തിൽ നിന്നുള്ള നൂറിലധികം ചൈനീസ് കമ്പനികൾ പെങ്കടുക്കും. ചൈനീസ് പവലിയന്റെ 88 ശതമാനം സ്ഥലവും ചൈനീസ് കമ്പനികൾ റിസർവ് ചെയ്തിട്ടുണ്ടെന്ന് എക്സിബിഷൻ സി.ഇ.ഒ ആൻഡ്രൂ പെർസി പറഞ്ഞു.
2026 ഫെബ്രുവരി എട്ട് മുതൽ 12 വരെയുള്ള കാലയളവിൽ റിയാദിലാണ് പ്രദർശനം നടക്കുക. സൈനിക വ്യവസായങ്ങൾക്കായുള്ള ജനറൽ അതോറിറ്റി സംഘടിപ്പിക്കുന്ന പ്രദർശനം നിരവധി സർക്കാർ ഏജൻസികളുടെയും പ്രമുഖ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെയും വിപുലമായ പങ്കാളിത്തത്തോടെയായിരിക്കും.
പ്രദർശനത്തിൽ പങ്കെടുക്കാനുള്ള ചൈനീസ് കമ്പനികളുടെ താൽപര്യം ആഗോള പ്രതിരോധ, സുരക്ഷാ വ്യവസായ മേഖലയിൽ അവർ അനുഭവിക്കുന്ന പ്രമുഖ സ്ഥാനത്തിന്റെ തെളിവാണെന്നും പ്രദർശന സി.ഇ.ഒ പറഞ്ഞു. എക്സിബിഷനിൽ പങ്കെടുക്കുന്നതിനുള്ള അന്താരാഷ്ട്ര താൽപ്പര്യം ഗണ്യമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചു.
ഇത് പ്രദർശനത്തിന്റെ വലുപ്പം രണ്ട് മടങ്ങ് വർധനക്ക് കാരണമായി. ‘വായു, കര, കടൽ, ബഹിരാകാശം, സുരക്ഷ’ എന്നീ അഞ്ച് പ്രധാന മേഖലകളിലെ പ്രതിരോധ, സുരക്ഷാ വ്യവസായത്തിലെ നവീകരണത്തിന്റെയും സാങ്കേതിക പുരോഗതിയുടെയും ഭാവി പ്രദർശിപ്പിക്കുന്ന ഒരു ആഗോള പ്ലാറ്റ്ഫോമാണ് പ്രദർശനമെന്നും സി.ഇ.ഒ പറഞ്ഞു.
2024ലെ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന്റെ രണ്ടാം പതിപ്പ് ചൈനീസ് കമ്പനികളുടെ പ്രമുഖ സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ചതായി സി.ഇ.ഒ വിശദീകരിച്ചു.
പ്രദർശനത്തിലെ മൊത്തം പങ്കാളികളിൽ ഒമ്പത് ശതമാനം ചൈനീസ് കമ്പനികളാണ്. ഏറ്റവും വലിയ അന്താരാഷ്ട്ര പവലിയനുകളിൽ ഒന്നാണ് ചൈനീസ് പവലിയൻ. നിരവധി നൂതന പ്രതിരോധ, സുരക്ഷാ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ച് എക്സിബിഷനെ സമ്പന്നമാക്കാൻ ഈ കമ്പനികൾ പ്രവർത്തിച്ചുവെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.