യാംബു: രാജ്യത്തെ പൊതു, സ്വകാര്യ സ്കൂളുകളിലെ പുതിയ അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ ഫൈനൽ പരീക്ഷ അവസാനിച്ചു. ഇനി 10 അവധി ദിനങ്ങളാണ്. കോവിഡ് പ്രതിസന്ധിയിൽപെട്ട് രണ്ടു വർഷത്തെ ഓൺലൈൻ പഠനത്തിനും പരീക്ഷക്കും ശേഷമാണ് ആദ്യമായി ക്ലാസ് റൂമിൽ നേരിട്ടെത്തിയുള്ള പരീക്ഷ നടന്നത്. ഈ അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ ഫൈനൽ പരീക്ഷയാണ് വിദ്യാർഥികൾ ഓഫ്ലൈനിൽ എഴുതിയത്. 10 ദിവസത്തെ അവധിക്കുശേഷം ഡിസംബർ ആറിനാണ് രണ്ടാം സെമസ്റ്റർ അധ്യയനം ആരംഭിക്കുക. നീണ്ട ഇടവേളക്കുശേഷം സ്കൂളുകളിൽ 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കുവേണ്ടി നടത്തിയ പരീക്ഷക്ക് വിദ്യാഭ്യാസ മന്ത്രാലയം വമ്പിച്ച ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ രണ്ടു ഡോസും എടുത്ത വിദ്യാർഥികൾക്ക് മാത്രമായിരുന്നു സ്കൂളുകളിൽ പ്രവേശിക്കാൻ അനുവാദം നൽകിയിരുന്നത്. സ്കൂളുകളിൽ എത്താത്ത മറ്റു ക്ലാസുകളിലെ വിദ്യാർഥികൾക്കും വാക്സിനേഷൻ വിവിധ കരണങ്ങളാൽ പൂർത്തിയാക്കാൻ കഴിയാത്തവർക്കും ഓൺലൈൻ വഴി പരീക്ഷ പൂർത്തിയാക്കാനും അനുവാദം നൽകി.
ഈ വർഷം മുതൽ വിദ്യാർഥികൾക്ക് അവരുടെ പരീക്ഷ ഫലം നേരിട്ട് അറിയാനുള്ള സംവിധാനവും മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു. അതിനായി നേരത്തേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപയോഗിച്ചിരുന്ന 'നൂർ സിസ്റ്റം' ഇതിനായി ഉപയോഗിക്കാൻ മന്ത്രാലയം ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതിന് സ്കൂളുകൾ നടപടികൾ പൂർത്തിയാക്കുന്നത് നിരീക്ഷിക്കാൻ വിവിധ മേഖലകളിൽ മന്ത്രാലയം സൂപ്പർ വൈസർമാർ, മെൻറർമാർ, വകുപ്പ് കൺവീനർമാർ എന്നിവരെ നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പുത്തൻ പരിഷ്കാരങ്ങളും നടപടിക്രമങ്ങളും കുറ്റമറ്റതാക്കി മാറ്റാനുള്ള എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേകം ജാഗ്രത കാണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.