ദമ്മാം: അന്ത്യ പ്രവാചകൻ പ്രബോധന ദൗത്യവുമായി നിയോഗിക്കപ്പെട്ട സമൂഹത്തിൽ അക്കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസ അനാചാരങ്ങൾ വീണ്ടും പുനരാവിഷ്കരിക്കുന്ന ആധുനിക കപട ആത്മീയതയുടെ വക്താക്കളെ കരുതിയിരിക്കണമെന്ന് ദമ്മാം ഇസ്‌ലാമിക് കൾച്ചറൽ സെൻറർ മലയാള വിഭാഗം മേധാവി ശൈഖ് അബ്ദുൽ ജബ്ബാർ അൽമദീനി പറഞ്ഞു. പ്രവാചകനെ അടിസ്ഥാന പ്രമാണങ്ങൾ ഉദ്ഘോഷിക്കുന്ന പ്രകാരം അനുധാവനം ചെയ്ത് വിശ്വാസകർമങ്ങൾ വിമലീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ മസാഇലുൽ ജാഹിലിയ്യ എന്ന ലോകപ്രശസ്തമായ ഗ്രന്ഥം ആസ്പദമാക്കി നടന്ന ഏകദിന വൈജ്ഞാനിക സദസ്സിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങൾമൂലം ഏറെ മനുഷ്യജീവനുകൾ ഹോമിക്കപ്പെടുകയും ആത്മീയ ചൂഷണങ്ങൾ അടക്കിവാഴുകയും ചെയ്യുന്ന സമകാലിക സംഭവവികാസങ്ങളിൽ ഐ.സി.സിയിൽ നടന്ന വൈജ്ഞാനിക സദസ്സ് നടുക്കം രേഖപ്പെടുത്തി. ജനങ്ങളുടെ ദൗർബല്യം മുതലെടുത്ത് നാട്ടിൽ നരബലി പോലുള്ള പൈശാചിക പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന കപട ആത്മീയ വാണിഭക്കാരെ ഒറ്റപ്പെടുത്താൻ യഥാർഥ മതവിശ്വാസികൾ ഉത്തരവാദിത്തം നിർവഹിക്കണമെന്നും വൈജ്ഞാനിക സംഗമം ആഹ്വാനം ചെയ്തു.
രാവിലെ മുതൽ വൈകീട്ട് വരെ നടന്ന സംഗമത്തിന് കിഴക്കൻ പ്രവിശ്യ ഇന്ത്യൻ ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി നേതൃത്വം നൽകി. ദമ്മാം അൽഖോബാർ ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രതിനിധികൾ പങ്കെടുത്തു. സെന്റർ ഭാരവാഹികളായ ഫൈസൽ കൈതയിൽ സ്വാഗതവും നൗഷാദ് തൊളിക്കോട് നന്ദിയും പറഞ്ഞു. സംഗമത്തോട് അനുബന്ധിച്ച് നടത്തിയ ലൈവ് പ്രശ്നോത്തരിയിൽ വിജയികളായ 20ഓളം പേർക്ക് കൈതയിൽ ഇമ്പിച്ചിക്കോയ, അർഷദ് ബിൻ ഹംസ, അബ്ദുൽ ഗഫൂർ ബിവി, സക്കരിയ കോഴിക്കോട് എന്നിവർ സമ്മാനവിതരണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.