ദമ്മാം: രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി തീരുമാനം രാഹുൽ ഗാന്ധിയുടെയും ‘ഇൻഡ്യ’ സഖ്യത്തിന്റെയും ഭരണപക്ഷത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്ന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഈ കേസിൽ രാഹുൽ ഗാന്ധിക്ക് എന്തിനാണ് പരമാവധി ശിക്ഷ നൽകിയതെന്ന് സൂറത്ത് കോടതിയോട് ചോദിച്ച സുപ്രീംകോടതി ജനാധിപത്യ മതേതര വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും ഇതിലൂടെ നീതിപീഠത്തിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചെന്നും റീജനൽ കമ്മിറ്റി വിലയിരുത്തി.
സുപ്രീംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ദമ്മാമിൽ നടത്തിയ മധുര വിതരണത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. ഭരണഘടന സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനത്തെയും മാധ്യമങ്ങളെയും അധികാരത്തിന്റെ സ്വാധീനം ചെലുത്തി തങ്ങളുടെ വരുതിയിലാക്കി പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്ന മോദിയുടെ കണക്കുകൂട്ടലുകളെയാണ് സുപ്രീംകോടതി ഇടപെടൽ തല്ലിക്കെടുത്തിയത്.
എം.പി സ്ഥാനം തിരികെക്കിട്ടി പാർലമെൻറിൽ തിരിച്ചെത്തുന്ന രാഹുൽ ഗാന്ധി ‘ഇൻഡ്യ’ സഖ്യത്തിന്റെ കുന്തമുനയായി മോദിക്കെതിരെ ആളിക്കത്തുമെന്നുറപ്പാണ്. രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളും പ്രതിപക്ഷ ഐക്യത്തിനും വിശിഷ്യാ കോൺഗ്രസിനും കൂടുതൽ കരുത്ത് പകരുമെന്ന് ഒ.ഐ.സി.സി നേതാക്കൾ അവകാശപ്പെട്ടു.
റീജനൽ കമ്മിറ്റി നേതാക്കളായ ചന്ദ്രമോഹൻ, ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഖരീം, അബ്ബാസ് തറയിൽ, സാജിദ് കാക്കൂർ എന്നിവരോടൊപ്പം വിവിധ ജില്ല, ഏരിയ, വനിത വേദി നേതാക്കളായ അബ്ദുൽ ഗഫൂർ വണ്ടൂർ, തോമസ് തൈപ്പറമ്പിൽ, നിഷാദ് കുഞ്ചു, ജോണി പുതിയറ, ബിൻസ് മാത്യൂസ്, ഡെന്നിസ് മണിമല, ഹമീദ് മരക്കാശ്ശേരി, പ്രമോദ് പൂപ്പാല, ഗഫൂർ വടകര, ഷാരി ജോൺ, ഷിജില ഹമീദ്, രമ്യാ പ്രമോദ്, അഷറഫ് കൊണ്ടോട്ടി, ഷൗക്കത്ത് വെള്ളില, ഹനീഫ് കൊച്ചി, രാജു തുടങ്ങിയവർ ആഹ്ലാദ മധുരവിതരണത്തിന് നേതൃത്വം നൽകി.
ദമ്മാം ബദർ അൽ റാബി ഡിസ്പെൻസറിയിലും ഫാർമസിയിലും ബദർ പരിസരത്തുള്ള കടകളിലുമൊക്കെയെത്തി മധുരവിതരണം നടത്തിയതിനൊപ്പം ബദർ പരിസരത്തുണ്ടായിരുന്ന സ്വദേശികളുൾപ്പെടെയുള്ള എല്ലാവർക്കും മധുരം നൽകി രാഹുൽ ഗാന്ധിക്ക് അനുകൂലമായുണ്ടായ സുപ്രീംകോടതി വിധിയെ ദമ്മാമിലെ കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.