അൽഖോബാർ: എല്ലാ ആഘോഷങ്ങളും വിജയികളുടെ ആഹ്ലാദത്തെ ഓർമിപ്പിക്കുകയാണ് ചെയ്യാറുള്ളതെന്നും എന്നാൽ പരാജയപ്പെട്ടവെൻറ, ചവിട്ടിത്താഴ്ത്തിപ്പെട്ടവെൻറ തിരിച്ചുവരവിനെ ദേശീയ ആഘോഷമാക്കുകയാണ് ഓണം ആഘോഷത്തിലൂടെ മലയാളികൾ ചെയ്യുന്നതെന്നും പ്രമുഖ ടി.വി അവതാരകനും ഗ്രാൻഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപ് പറഞ്ഞു. തനിമ സാംസ്കാരിക വേദി അൽഖോബാർ മേഖല സംഘടിപ്പിച്ച ഓണം സൗഹൃദ ഓൺലൈൻ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിജീവനത്തിെൻറ കഥ പറഞ്ഞുകൊണ്ടാണ് ഈ ഓണവും കടന്നുപോകുന്നത്. പാരസ്പര്യ സ്നേഹങ്ങൾ നഷ്ടപ്പെടുമ്പോഴാണ് കുടുംബ, സാമൂഹിക ബന്ധങ്ങൾ ഇല്ലാതാവുന്നത്. മികച്ച ബന്ധങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന അവസരമാണ് ഓണം. തനിമ ഒരുക്കിയ ഓണം സൗഹൃദ സംഗമം അതുകൊണ്ടുതന്നെ കാലിക പ്രസക്തമാണെന്നും പ്രശംസ അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് സാജിദ് ആറാട്ടുപുഴ സംസാരിച്ചു. ആഘോഷങ്ങൾ പോലും അകലാനുള്ള അവസരമായി കാണുന്ന സോഷ്യൽ മീഡിയ കാലത്ത് ബന്ധങ്ങളെ ചേർത്തുപിടിക്കാനുള്ള അവസരമാകണം ഓണം ആഘോഷങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. തനിമ എക്സിക്യൂട്ടിവ് അംഗം സഫ്വാൻ പാണക്കാട് അധ്യക്ഷത വഹിച്ചു. ഷബീർ കേച്ചേരി, അനില ദീപു, മിനു അനൂപ്, കല്യാണി ബിനു, റഊഫ് അണ്ടത്തോട് എന്നിവരുടെ ഗാനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി. ത്വയ്യിബ് അവതരിപ്പിച്ച ഓണം പ്രശ്നോത്തരിയിൽ ഇരുനൂറോളം പേർ പങ്കെടുത്തു. അബ്ദുൽ കരീം ആലുവ അവതാരകനായിരുന്നു. ഫൗസിയ അനീസ് ആരംഭ പ്രാർഥനാ ഗീതം ആലപിച്ചു. തനിമ ഖോബാർ സോണൽ ആക്ടിങ് സെക്രട്ടറി അഷ്റഫ് ആക്കോട്, ഖലീൽ റഹ്മാൻ, ആരിഫ കോയ, ആരിഫ നാജ് മുസമാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.