ജിദ്ദ: ഞായറാഴ്ച അഞ്ച് മണിക്കൂറിനുള്ളിൽ സൗദിക്ക് നേരെ ഇറാൻ പിന്തുണയോടെയുള്ള ഹൂതികളുടെ പത്ത് ഡ്രോൺ ആക്രമണങ്ങൾ നടന്നതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഞായറാഴ്ച രാവിലെ അഞ്ച് ഡ്രോണുകൾ സഖ്യസേന നശിപ്പിച്ചിരുന്നു. ഇതിന് പിറകെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച മറ്റു അഞ്ച് ഡ്രോണുകൾ കൂടി സൗദിയിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂതികൾ അയച്ചത്. ഇവയെല്ലാം സഖ്യസേന ആകാശത്ത് വെച്ച് തന്നെ നശിപ്പിച്ചു. സ്‌ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ ആകാശ വാഹനങ്ങൾ (യു.എ.വി) സൗദിക്കെതിരെ ഹൂതികളുടെ അതിർത്തി കടന്നുള്ള വ്യോമാക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ്. യെമനിലെ മാരിബിൽ പ്രദേശത്ത് ഹൂതികൾക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. ഇതുകാരണമാണ് സൗദി അറേബ്യക്ക് നേരെയുള്ള ഹൂതികളുടെ തുടർച്ചയായ ആക്രമണം എന്ന് കേണൽ തുർക്കി അൽമാലികി പറഞ്ഞു. സ്‌ഫോടകവസ്തുക്കൾ നിറഞ്ഞ ഹൂതി ഡ്രോണുകൾ സഖ്യം സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സിവിലിയന്മാർക്കും വസ്തുക്കൾക്കും പൂർണ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.