ജിദ്ദ: സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ ഖുർആെൻറ പകർപ്പ് കത്തിച്ച സംഭവത്തെ അറബ്, മുസ്ലിം ലോകം അപലപിച്ചു. സൗദി അറേബ്യ, മുസ്ലിം വേൾഡ് ലീഗ്, ഒ.െഎ.സി, ജി.സി.സി കൗൺസിൽ എന്നിവ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരത്തിലൊരു ദുഷ്കൃത്യത്തിന് തീവ്രപക്ഷക്കാരനെ അനുവദിച്ച സ്വീഡിഷ് അധികാരികളുടെ നടപടിയെ ശക്തമായ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംവാദം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ സംരക്ഷിക്കുകയും വിദ്വേഷവും തീവ്രവാദവും തള്ളിക്കളയുകയും ചെയ്യണമെന്നതാണ് സൗദി അറേബ്യയുടെ എക്കാലത്തെയും ഉറച്ച നിലപാടെന്നും ഇത്തരത്തിലുള്ള ദുഷ് ചെയ്തികൾ ഒന്നിനും ആർക്കുമെതിരെയും പാടില്ലെന്നും മന്ത്രാലയം പറഞ്ഞു.
സംഭവത്തിൽ മുസ്ലിം വേൾഡ് ലീഗും അപലപിച്ചു. സംഭവം അസംബന്ധവും പ്രകോപനപരവും അപമാനകരവുമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. വിദ്വേഷം വമിക്കുന്നതും മതവികാരം ഇളക്കിവിടുന്നതും തീവ്രവാദ താൽപര്യങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതുമായ ഇത്തരം പ്രവർത്തനങ്ങൾ അപകടരമാണെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ പ്രസ്താവനയിൽ പറഞ്ഞു. തെറ്റായ ഇൗ പെരുമാറ്റം സ്വാതന്ത്ര്യത്തെയും മാനുഷിക മൂല്യങ്ങളെയും കുറിച്ചുള്ള സങ്കൽപങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങൾ മുസ്‌ലിംകളെ അവരുടെ വിശ്വാസത്തിൽ കൂടുതൽ ഉറച്ചുനിൽക്കാനും വിശ്വാസം വർധിപ്പിക്കാനുമേ ഇടയാക്കൂ. എപ്പോഴും സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ആഹ്വാനം ചെയ്യുന്ന, മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നവരാണ് അവരെന്നും സെക്രട്ടറി ജനറൽ ഒാർമിപ്പിച്ചു.
തീവ്ര വലതുപക്ഷ പ്രവർത്തകരുടെ നടപടിയെ ഒ.െഎ.സിയും ശക്തമായി അപലപിച്ചു. തീവ്ര വലതുപക്ഷ ഘടകങ്ങൾ ആവർത്തിച്ച് നടത്തുന്ന ഈ പ്രകോപനപരമായ പ്രവൃത്തി മുസ്‌ലിംകളെ ലക്ഷ്യം വയ്ക്കുകയും അവരുടെ വിശുദ്ധ മൂല്യങ്ങളെ അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ പറഞ്ഞു. ഇസ്ലാമോഫോബിയ, വിദ്വേഷം, അസഹിഷ്ണുത, അന്യമതവിദ്വേഷം എന്നിവയുടെ ഭയാനകമായ തലത്തിലെത്തിയിരിക്കുന്നതിെൻറ മറ്റൊരു ഉദാഹരണമാണിത്. വിദ്വേഷ കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സെക്രട്ടറി ജനറൽ സ്വീഡിഷ് അധികൃതരോട് ആവശ്യപ്പെട്ടു.
ഖുർആെൻറ പകർപ്പ് കത്തിക്കാൻ സ്വീഡിഷ് അധികാരികൾ ഒരു തീവ്രപക്ഷക്കാരനെ അനുവദിച്ചത് അപലപനീയമാണെന്ന് ജി.സി.സി കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്‌റഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ ആളിക്കത്തിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതാണിത്. സംവാദം, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം, വിദ്വേഷവും തീവ്രവാദവും തള്ളിക്കളയുക തുടങ്ങിയ മൂല്യങ്ങൾ പ്രചരിപ്പിക്കണമെന്നതാണ് ജി.സി.സി ടെ ഉറച്ച നിലപാട്. ഇത്തരം അസ്വീകാര്യമായ പ്രവൃത്തികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപ്പെടണമെന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ വിശുദ്ധി, അവരുടെ വിശ്വാസങ്ങൾ, മതങ്ങൾ എന്നിവയെ മാനിക്കണമെന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനമാണിതെന്ന് അറബ് പാർലമെൻറ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. എല്ലാ മുസ്‌ലിംകൾക്കുംനേരെയുമുള്ള നിന്ദയാണിത്. ആളുകൾ തമ്മിലുള്ള സംവാദം, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം എന്നീ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും വേൾഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത് (വമി) വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.