അറബ് റേഡിയോ-ടെലിവിഷൻ മേള ഇന്ന് റിയാദിൽ തുടങ്ങും

ജിദ്ദ: 22ാമത് അറബ് റേഡിയോ, ടെലിവിഷൻ മേളക്ക് ബുധനാഴ്ച റിയാദിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 500ഓളം മാധ്യമപ്രവർത്തകരും വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവരുമടക്കം 5000 പേർ പങ്കെടുക്കും. റിയാദിലെ ഹിൽട്ടൺ എയർപോർട്ട് ഹോട്ടലിൽ വിവിധ കലാപരിപാടികളോടെയാണ് മേള. അറബ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് യൂനിയനിൽനിന്നുള്ള അതിഥികൾ കഴിഞ്ഞ ദിവസം മുതൽ എത്തിത്തുടങ്ങി.

അറബ് ഉൽപാദന വ്യവസായം ശക്തിപ്പെടുത്തുന്നതിനും മാധ്യമരംഗത്തെ പ്രഫഷനൽ ഭാവിയെക്കുറിച്ചും ചർച്ചചെയ്യുകയാണ് ലക്ഷ്യം. മാധ്യമ മേഖലയിലെ നിരവധി സംരംഭങ്ങളുടെയും പങ്കാളിത്തങ്ങളുടെയും സമാരംഭത്തിന് മേള സാക്ഷ്യം വഹിക്കും. അറബ് നിർമാതാക്കൾ, ഓഡിയോ-വിഷ്വൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, പ്രഫഷനലുകൾ, ശബ്‌ദം, ഇമേജ്, കമ്യൂണിക്കേഷൻസ്, ആധുനിക സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ ഒരു വേദിയിൽ ഒരുമിച്ചു കൂടും.

യൂനിയനിലെ അംഗ സംഘടനകൾ, ടെലിവിഷൻ നെറ്റ്‌വർക്കുകൾ, സ്വകാര്യ റേഡിയോ സ്റ്റേഷനുകൾ, അന്താരാഷ്ട്രതലത്തിലെ അറബി ചാനലുകൾ, സാങ്കേതിക ഉപകരണ നിർമാതാക്കൾ, മീഡിയ പ്രൊഡക്ഷൻ കമ്പനികൾ എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള റേഡിയോ, ടെലിവിഷൻ പ്രദർശനം മേളയിലുൾപ്പെടും. 30ലധികം ശിൽപശാലകളും അനുബന്ധ സെഷനുകളുമുണ്ടാകും. ടെലിവിഷൻ, റേഡിയോ നിർമാണം, സ്‌പോർട്‌സ് മീഡിയ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യും. സ്ത്രീപങ്കാളിത്തം, സിനിമയിലെ അവരുടെ പങ്ക്, അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന സെഷനുകൾ, സിനിമാനിർമാണവും സ്വതന്ത്ര മാധ്യമപ്രവർത്തനവും മറ്റു വിഷയങ്ങളും മേളയിലെ വിവിധ സെഷനുകളിൽ ചർച്ചചെയ്യും.

അറബ് മാധ്യമരംഗത്തെ സ്വാധീനിച്ച മാധ്യമ-കലാപ്രതിഭകളെ ആദരിക്കും. ടെലിവിഷൻ, റേഡിയോ മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്യും. ടെലിവിഷൻ, റേഡിയോ എന്നീ രംഗങ്ങളിൽ വിവിധ തലങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നവരെ ആദരിക്കാൻ 32 വീതം അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വർണം, വെള്ളി അവാർഡുകളാണ് വിജയികൾക്ക് നൽകുന്നത്.

Tags:    
News Summary - The Arab Radio-Television Fair will begin today in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.