ജിദ്ദ: ഭക്തിയുടെ നിറവിൽ ഉംറ തീർഥാടനത്തിന് തുടക്കം. കോവിഡിനെ തുടർന്ന് ഏഴു മാസത്തോളമായി നിർത്തിവെച്ച ഉംറ തീർഥാടനമാണ് ഞായറാഴ്ച പുലർച്ചെ പുനരാരംഭിച്ചത്. ഘട്ടംഘട്ടമായി ഉംറ പുനരാംരംഭിക്കുമെന്ന തീരുമാനം കഴിഞ്ഞയാഴ്ചയാണ് സൗദി ആഭ്യന്തര മന്ത്രാലയം എടുത്തത്.
ആദ്യഘട്ടമായി പ്രതിദിനം 6,000 പേരെന്ന നിലയിൽ ആഭ്യന്തര തീർഥാടകർക്കാണ് ഞായറാഴ്ച മുതൽ പ്രവേശനം അനുവദിച്ചത്. ഒക്ടോബർ 18ന് രണ്ടാംഘട്ടത്തിൽ പ്രതിദിന സംഖ്യ 15,000ഉം നവംബർ ഒന്നിന് മൂന്നാം ഘട്ടത്തിൽ 20,000ഉം ആയി ഉയർത്തും.
രാജ്യത്തെ സ്വദേശികളും വിദേശികളുമായ തീർഥാടകർക്കാണ് ഞായറാഴ്ച മുതൽ ഉംറക്ക് അനുമതി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മുൻകൂട്ടി അപേക്ഷിച്ച് അനുമതി പത്രം വാങ്ങിയ തീർഥാടകർ ഞായറാഴ്ച പുലർച്ചെ മുതലേ ഉംറയിൽ ഏർപ്പെട്ടു. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ 'ഇഅ്തമർനാ' എന്ന മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്താണ് അനുമതി പത്രം നേടേണ്ടത്.
ഇതിനകം വിദൂര സ്ഥലങ്ങളിലുള്ളവർ ശനിയാഴ്ച ഉച്ചയോടെ തന്നെ മക്കയിലേക്ക് പുറപ്പെട്ടിരുന്നു. മീഖാത്തുകളിൽനിന്ന് ഇഹ്റാമിൽ പ്രവേശിച്ച് രാത്രിയോടെ മക്കയിലെത്തി. നിശ്ചിത സ്ഥലങ്ങളിൽ ഒരുമിച്ച് കൂടിയ തീർഥാടകരെ പിന്നീട് ബസുകളിലാണ് ഹറമിലെത്തിച്ചത്.
ശനിയാഴ്ച അർധരാത്രി മുതൽ തന്നെ ഹറമിലേക്ക് തീർഥാടകരുടെ വരവ് തുടങ്ങിയിരുന്നു. ഹറമിലെത്തിയ തീർഥാടകരെ ഇരുഹറം കാര്യാലയം, ഹജ്ജ് മന്ത്രാലയം, അനുബന്ധ വകുപ്പുകൾ എന്നിവയുടെ ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
രാവിലെ ഉംറ തുടങ്ങിയ ആദ്യ സംഘത്തിൽ 1,000 പേരാണുണ്ടായിരുന്നത്. ഹറമിൽ പ്രവേശിച്ച തീർഥാടകരെ 100 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് ത്വവാഫിനും സഅ്ഇന്നും അയച്ചു. മൂന്നു മണിക്കൂറാണ് ഉംറ നിർവഹണത്തിന് അനുവദിച്ചിരിക്കുന്ന സമയം.
ആദ്യസംഘം ഉംറ നിർവഹിച്ചുപോയ ഉടനെ ഹറം അണുമുക്തമാക്കിയ ശേഷമാണ് രണ്ടാമത്തെ സംഘത്തിലെ 1000 പേരെ ഹറമിൽ പ്രവേശിപ്പിച്ചത്. ഉച്ചക്ക് മുമ്പ് തന്നെ മൂന്നാമത്തെ സംഘവും ഹറമിലെത്തി ഉംറ നിർവഹിച്ചു.
ഉച്ചകഴിഞ്ഞ് ബാക്കി മൂന്ന് സംഘങ്ങൾ കൂടി ഉംറ നിർവഹിക്കും. പ്രതിദിനം 6,000 പേരെ ആറ് സംഘങ്ങളായി തിരിച്ച് ആറ് സമയങ്ങളിലായി ഹറമിൽ പ്രവേശിപ്പിച്ചാണ് ഉംറ നിർവഹണം. ഇതിനകം 108,041 പേർക്കാണ് ഉംറക്കുള്ള അനുമതി പത്രം നൽകിയിരിക്കുന്നത്. 6,000 പേർ വീതം എല്ലാ ദിവസവും ഹറമിലെത്തി ഉംറ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.