മക്ക: സൗദി അറേബ്യയുടെ 90ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് മക്ക കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 90 പ്രവർത്തകർ രക്തം നൽകി. 'അന്നം നൽകുന്ന രാജ്യത്തിനു ജീവരക്തം സമ്മാനം' എന്ന പ്രമേയമുയർത്തി സൗദി നാഷനൽ കെ.എം.സി.സിക്ക് കീഴിൽ 30ഒാളം കേന്ദ്രങ്ങളിൽ നടന്ന രക്തദാന ക്യാമ്പിെൻറ ഭാഗമായായിരുന്നു മക്കയിലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ക്യാമ്പിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത വിവിധ ഏരിയ കമ്മിറ്റികൾക്ക് പ്രത്യകം സമയം അനുവദിച്ചിരുന്നതിനാൽ തിരക്ക് നിയന്ത്രിക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും സാധിച്ചു. മലയാളി സമൂഹത്തിെൻറ സാമൂഹിക പ്രതിബദ്ധത അഭിനന്ദനീയമാണെന്നും മറ്റുള്ളവർക്ക് മാതൃകയാണെന്നും കോവിഡ് മഹാമാരിയുടെ കാലത്തുള്ള ഈ പ്രവർത്തനത്തിന് രാജ്യം കേരള പ്രവാസികളോട് കടപ്പെട്ടിരിക്കുന്നുവെന്നും ക്യാമ്പ് സന്ദർശിച്ച മക്ക ക്ലസ്റ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. ദിൽഷാദ് പറഞ്ഞു.
കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ റിസർച്ച് കോഒാഡിനേറ്റർ ഷാഹിദ് പരേടത്ത്, ക്ലിനിക്കൽ ഇൻസ്ട്രക്ടർ ഷാഫി എം. അക്ബർ, മക്ക കെ.എം.സി.സി മെഡിക്കൽ വിങ് കൺവീനർ മുസ്തഫ മലയിൽ, കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ഇൻചാർജ് ജംഷാദ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി മുജീബ് പുക്കോട്ടൂർ, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, കുഞാപ്പ പുക്കോട്ടൂർ, ഹാരിസ് പെരുവെള്ളൂർ, വിവിധ ഏരിയ കമ്മിറ്റി നേതാക്കൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.