ജിദ്ദ: സൗദി മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ചൊവാഴ്ച റിയാദിലെ അൽയമാമ കൊട്ടാരത്തിലാണ് കിരീടാവകാശിയുടെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നത്. ഉപപ്രധാനമന്ത്രിയായിരുന്ന കിരീടാവകാശിയെ സൽമാൻ രാജാവ് അടുത്തിടെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു.
അൾജീരിയൻ പ്രസിഡൻറുമായി കിരീടാവകാശി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം, ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവ മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. കൂടാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ രാജ്യത്തിന്റെ വിദേശനയത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം, പ്രാദേശികവും അന്തർദേശീയവുമായ സംഘടനകളിലുടെ നടത്തിയ ശ്രമങ്ങൾ തുടങ്ങിയവയും മന്ത്രിസഭ ചർച്ച ചെയ്തു.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഐക്യരാഷ്ട്രസഭാ സമ്മേളനത്തോടനുബന്ധിച്ച് നവംബറിൽ ഈജിപ്തിൽ 'ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ്' ഉച്ചകോടി, 'ഗ്രീൻ സൗദി ഇനിഷ്യേറ്റീവ് ഫോറം' രണ്ടാമത് സമ്മേളനം എന്നിവ നടക്കുമെന്ന കിരീടാവകാശിയുടെ പ്രഖ്യാപനം, ഗൾഫ്-ഉത്തരാഫ്രിക്കൻ മേഖലയും ലോകവും നേരിടുന്ന പാരിസ്ഥിതിക, കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തെ പിന്തുണക്കുന്ന രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നുതെന്ന് മന്ത്രിസഭ വിലയിരുത്തി.
അതെസമയം കഴിഞ്ഞ ഏതാനും ആഴ്ചകളായി ജിദ്ദയിലായിരുന്ന സൽമാൻ രാജാവ് ചൊവ്വാഴ്ച വൈകീട്ട് തലസ്ഥാന നഗരമായ റിയാദിലേക്ക് തിരിച്ചു. ജിദ്ദ വിമാനത്താവളത്തിൽ സൽമാൻ രാജാവിനെ യാത്രയയക്കാൻ മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.