നാട്ടിലേക്ക് മടങ്ങിയ അൻസാറിന് ഗൾഫ് പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകർ യാത്രരേഖകൾ കൈമാറുന്നു

ദുരിതത്തിലായ മലയാളി ഹൗസ്​ ഡ്രൈവർ നാടണഞ്ഞു

റിയാദ്: രണ്ടര വർഷം മുമ്പ്​ ഹൗസ് ഡ്രൈവർ വിസയിൽ സൗദി അറേബ്യയിലെത്തി ദുരിതത്തിലായ മലയാളി യുവാവ്​ നാടണഞ്ഞു. തൃശൂർ കരുവന്നൂർ സ്വദേശി അൻസാറാണ്​ (36) സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന്​ നാട്ടിലേക്ക്​ മടങ്ങിയത്​. ഡ്രൈവറായി വന്ന വീട്ടിൽ ശമ്പളമോ കൃത്യമായി ഭക്ഷണമോ ഉറങ്ങാനുള്ള അവസരമോ ലഭിക്കാതെ ബുദ്ധിമുട്ടിയ അൻസാറിനെ ഇതിനുപുറമെ സ്‌പോൺസറുടെ ബന്ധുവീടുകളിലും പണിയെടുപ്പിച്ചു. രാപ്പകലില്ലാതെ പണിയെടുത്തെങ്കിലും കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. ഉറക്കംകൂടി നഷ്​ടപ്പെട്ട അൻസാർ ശാരീരികമായും മാനസികമായും പ്രയാസപ്പെടുകയായിരുന്നു.

സ്‌പോൺസറോട് പലതവണ പ്രയാസങ്ങൾ ബോധിപ്പിച്ചെങ്കിലും വേണ്ട പരിഗണന ലഭിക്കാതെവന്നപ്പോൾ അൻസാർ ഗൾഫ് പ്രവാസി മലയാളി ഫെഡറേഷനെ സമീപിക്കുകയായിരുന്നു. ഒടുവിൽ ഫെഡറേഷൻ ജീവകാരുണ്യ കൺവീനർ അയ്യൂബ് കരൂപ്പടന്ന വിഷയത്തിൽ ഇടപെടുകയും സ്‌പോൺസറുമായി നിരന്തരം ബന്ധപ്പെട്ട്​ എക്സിറ്റ് നേടിയെടുക്കുകയുമായിരുന്നു. തുടർന്ന് ഗൾഫ് മലയാളി ഫെഡറേഷൻ നൽകിയ ടിക്കറ്റിൽ റിയാദിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ അൻസാർ കഴിഞ്ഞ ദിവസം നാടണഞ്ഞു. സഹായവുമായി ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകരായ റാഫി പാങ്ങോട്, അയ്യൂബ് കരൂപ്പടന്ന, വിപിൻ എന്നിവർ രംഗത്തുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.