റിയാദ്: എക്സ്പോ 2030 അസാധാരണവും വ്യതിരിക്തവുമായി അവതരിപ്പിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. പാരിസിൽ ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻസ് (ബി.ഐ.ഇ) സംഘടിപ്പിച്ച ജനറൽ അസംബ്ലിയിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക. പ്രാദേശികവും അന്തർദേശീയവുമായ സഹകരണത്തിനായി ഞങ്ങളുടെ ശ്രമങ്ങൾ തുടർന്നും സമർപ്പിക്കുന്നു. 130 രാജ്യങ്ങൾ റിയാദിന്റെ ബിഡിൽ വിശ്വാസം രേഖപ്പെടുത്തുകയും എക്സ്പോ ആതിഥേയത്വത്തെ പിന്തുണക്കുകയും ചെയ്തു.
റിയാദ് എക്സ്പോ 2030ൽ പങ്കെടുക്കുന്നതിന് നൂറിലധികം വികസ്വര രാജ്യങ്ങൾക്ക് പിന്തുണ നൽകുന്നതിന് സൗദി 35.3 കോടി ഡോളർ അനുവദിച്ചിട്ടുണ്ട്. ആവശ്യമുള്ള രാജ്യങ്ങൾക്ക് കൂടുതൽ പിന്തുണ നൽകും. സ്വകാര്യ മേഖലയിൽനിന്നും സർക്കാറിതര സംഘടനകളിൽ നിന്നുമുള്ള വാഗ്ദാനങ്ങൾക്ക് പുറമേയാണിത്.
ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസ് ജനറൽ അസംബ്ലിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന സൗദിയുടെ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത് മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.