അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ ബൈഡനെ സൽമാൻ രാജാവ് അഭിനന്ദിച്ചു
അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും തമ്മിൽ സംഭാഷണം നടത്തി. വ്യാഴാഴ്ച ടെലിഫോണിലൂടെയാണ് ഇരു രാഷ്ട്രനേതാക്കളും സംസാരിച്ചത്. അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ ബൈഡനെ രാജാവ് അഭിനന്ദിച്ചു.
ഇരുരാജ്യങ്ങൾ തമ്മിലെ ആഴത്തിലുള്ള ബന്ധം അനുസ്മരിച്ച രാജാവ് ഉഭയകക്ഷി താൽപര്യങ്ങൾ നിറവേറ്റുന്നതിനും മേഖലയിലും ലോകത്തും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തേണ്ട പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു. ഇരുവരും മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളും സംഭവവികാസങ്ങളും അവലോകനം ചെയ്തു.
മേഖലയിലെ ഇറാെൻറ പെരുമാറ്റം, മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും, തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ എന്നിവയും ചർച്ച ചെയ്തു. സൗദിക്കെതിരെയുള്ള ഭീഷണികൾ പ്രതിരോധിക്കാനുള്ള അമേരിക്കൻ പ്രസിഡൻറിെൻറ പ്രതിബദ്ധതക്കും ഇറാനെ ആണവായുധങ്ങൾ കൈവശംവെക്കാൻ അനുവദിക്കില്ലെന്ന ബൈഡെൻറ ഉറപ്പിനും രാജാവ് നന്ദിപറഞ്ഞു.
യമനിൽ സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള സൗദിയുടെ താൽപര്യവും യമൻ ജനതയുടെ സുരക്ഷയും വികസനവും കൈവരിക്കാനുള്ള ശ്രമങ്ങളും രാജാവ് ഉൗന്നിപ്പറഞ്ഞു. യമൻ യുദ്ധത്തിെൻറ സമാധാനപരമായ അന്ത്യത്തെക്കുറിച്ച് ബൈഡനും സൽമാൻ രാജാവും ചർച്ച ചെയ്തെന്ന് വൈറ്റ്ഹൗസിനെ ഉദ്ധരിച്ച് 'അൽഅറബിയ'ചാനൽ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ചയാണ് സൽമാൻ രാജാവുമായി ബൈഡൻ സംസാരിച്ചത്. യമനിൽ യുദ്ധവും വെടിനിർത്തലും നടത്താനുള്ള യു.എൻ ശ്രമങ്ങൾക്ക് സൗദി അറേബ്യ നൽകിവരുന്ന പിന്തുണയെ അമേരിക്കൻ പ്രസിഡൻറ് പ്രശംസിച്ചു. പ്രാദേശിക സുരക്ഷയെക്കുറിച്ചും ഇരു രാഷ്ട്രനേതാക്കളും ചർച്ച ചെയ്തു.
സൗദി അറേബ്യയുടെ സുരക്ഷ സംരക്ഷിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയെക്കുറിച്ച് ബൈഡൻ ഉറപ്പുനൽകിയതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു.
ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ വെല്ലുവിളികളെക്കുറിച്ചും സഹകരണത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും ഇരു വിദേശകാര്യ മന്ത്രിമാരും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.